പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങള്‍ തയാർ
1467657
Saturday, November 9, 2024 5:30 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇവിഎം) തയാറായി. ആകെയുള്ള 184 പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്ട്രോള് യൂണിറ്റുകളും 239 വിവിപാറ്റ് യൂണിറ്റുകളുമാണു തയാറാക്കിയിരിക്കുന്നത്.
ബാലറ്റ്, കണ്ട്രോള് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയാറാക്കിവച്ചിരിക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തിങ്കളാഴ്ച പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്ട്രോള് യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണു കമ്മീഷനിംഗ് പ്രക്രിയ. തെരഞ്ഞെടുപ്പു വേളയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡില്‍നിന്നുള്ള രണ്ട് എൻജിനീയര്‍മാരും പാലക്കാട്ടെത്തിയിട്ടുണ്ട്. കമ്മീഷനിംഗിനു ശേഷം വോട്ടിംഗ് മെഷീനുകള്‍ റിട്ടേണിങ് ഓഫീസറുടെ കസ്റ്റഡിയില്‍ പാലക്കാട് വിക്ടോറിയ കോളജിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സറണ്ടര്‍ ചെയ്തത് 540 ആയുധങ്ങള്‍
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 540 ആയുധലൈസന്സികള് ആയുധങ്ങള്‍ സറണ്ടര്ചെയ്തു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണു ജില്ലയില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള ആയുധങ്ങളും തോക്കുകളും സറണ്ടര്‍ ചെയ്യുന്നത്. ജില്ലാ കളക്ടര്‍, സൂപ്രണ്ട് ഓഫ് പോലീസ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആകെ 638 ആയുധങ്ങള്‍ക്കാണ് ജില്ലയില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ദേശീയ റൈഫിള്‍സ് അസോസിയേഷന്, സമാനമായ വിവിധ തലങ്ങളിലുള്ള അസോസിയേഷനുകള്‍ എന്നിവയില്‍ അംഗത്വമുള്ള സ്പോര്‍ട്സ് ലൈസന്‍സുള്ളവരെയും, ദേശസാല്‍കൃത ബാങ്കുകളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയും നിബന്ധനകള്‍ക്ക് അനുസൃതമായി സറണ്ടര്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.