കുന്പിടി- കാങ്കപ്പുഴ റെഗുലേറ്റർ ബ്രിഡ്ജ് അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലങ്ങളുടെ രേഖകൾ ശേഖരിച്ചു
1467651
Saturday, November 9, 2024 5:30 AM IST
തൃത്താല: പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന കുന്പിടി-കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളുടെ രേഖകൾ ശേഖരിച്ചു. പാലക്കാട് റവന്യൂവകുപ്പിലെ സ്ഥലമെടുപ്പ് വിഭാഗമാണ് രേഖകൾ ശേഖരിച്ചത്. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ കുന്പിടിഭാഗത്തും കുറ്റിപ്പുറം ഭാഗത്തുമായി അപ്രോച്ച് റോഡിനും നിലവിലുള്ള റോഡുകളുടെ വീതികൂട്ടുന്നതിനായി 170.52 സെന്റാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതിൽ വീടുകളും കെട്ടിടങ്ങളുമായി 10 എണ്ണവും 49 മതിൽ, ഗേറ്റ് എന്നിവയും മൂന്നു കിണറുകളും ഉൾപ്പെടും. ആനക്കര വില്ലേജിലെ 64 സർവേ നന്പറുകളിലും കുറ്റിപ്പുറം പഞ്ചായത്തിൽ 65 സർവേ നന്പറുകളിലുമായി 98 വ്യക്തികളുടെ ഉടമസ്ഥതയിലാണ് ഇവ. അപ്രോച്ച് റോഡ് വരുന്ന കുന്പിടിഭാഗത്ത് പ്രധാനമായും കച്ചവടസ്ഥാപനങ്ങളാണ് പൊളിക്കുക.
അടുത്ത മേയിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം. നിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം 82 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. ഇനി പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കാനും 14 ഷട്ടറുകൾ സ്ഥാപിക്കാനുമുണ്ട്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞാൽ ഈ രണ്ട് പ്രവൃത്തികളും പൂർത്തിയാക്കും.
കേന്ദ്ര ജലകമ്മീഷന്റെ കണക്കുകൾപ്രകാരം നിലവിൽ ഭാരതപ്പുഴയിൽ നാലരമീറ്ററിൽ താഴെയാണ് ജലനിരപ്പ്. 102 കോടി രൂപ ചെലവിട്ടാണ് കുന്പിടിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്.