ഏക്കതുകയിൽ റിക്കാർഡിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
1467379
Friday, November 8, 2024 5:06 AM IST
ഷൊർണൂർ: ഏക്കതുകയിൽ റിക്കാർഡ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുലയംപറമ്പത്തുകാവ് പൂരത്തിനെത്തും. രാമന്റെ ഈ എഴുന്നള്ളിപ്പിന് ഏക്കം 13,13,333 രൂപയാണ് ചാലിശേരി മുലയംപറമ്പത്തുകാവ് പൂരം എഴുന്നള്ളിപ്പിനാണ് ആരാധകരെ ആവേശത്തിലാറാടിക്കാൻ ഇത്തവണയും കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തുന്നത്.
13,13,333 രൂപയുടെ റെക്കോഡ് ഏക്കത്തുകയ്ക്കാണ് ചാലിശ്ശേരി പടിഞ്ഞാറേമുക്ക് കമ്മിറ്റി ആനയെ ഏക്കത്തിനെടുത്തത്. 2025 ഫെബ്രുവരി 28-ന് നടക്കുന്ന എഴുന്നള്ളിപ്പിനാണ് രാമചന്ദ്രനെത്തുക.
തൃശൂർ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ്.
ആനയെഴുന്നള്ളിപ്പിൽ കർശനനിയന്ത്രണങ്ങൾക്ക് ശിപാർശചെയ്ത് ഹൈക്കോടതിയിൽ അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇത്രയും ഉയർന്ന ഏക്കത്തുക നിശ്ചയിച്ചത്.
17 വർഷമായി ഇതേ കമ്മിറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇവിടെ എത്തിക്കാറുണ്ട്.
മുലയംപറമ്പത്തുകാവ് പൂരം വരുന്ന അതേ ആഴ്ചയിൽ തൃശൂരിലെ പഴഞ്ഞി അരുവായി ചെറുവരമ്പത്തുകാവ് പൂരക്കാരും ചാലിശേരിയിലെ തന്നെ മറ്റുരണ്ട് കമ്മിറ്റിക്കാരും ഉൾപ്പെടെ 16 അപേക്ഷകർ രാമചന്ദ്രനുവേണ്ടി രംഗത്തെത്തിയതോടെയാണ് റിക്കാർഡ് തുകയിലേക്ക് ഏക്കമെത്തിയത്. വരുന്ന ഉത്സവ സീസണിലെല്ലാം ഇനി ഈ തുകക്ക് മുകളിലായിരിക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഏക്കം.