മലന്പുഴ പൂക്കുണ്ടിൽ ദുരിതജീവിതവുമായി ആറു കുടുംബത്തിലെ ഇരുപതോളംപേർ
1467643
Saturday, November 9, 2024 5:30 AM IST
മലമ്പുഴ: ചുറ്റിനും വെള്ളക്കെട്ട്, ശുദ്ധജല വിതരണം തകരാറിൽ, വൈദ്യുതി ബന്ധവും നിലച്ചു. മേൽക്കൂര ചോർന്നൊലിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ കാറ്റടിച്ചാൽ വീഴാൻനിൽക്കുന്ന കുടിലുകൾ.
ഒട്ടും സുരക്ഷിതമല്ലാതെ ജീവിതം ഇരുട്ടിലായി മലമ്പുഴയിൽ ആറുകുടുംബങ്ങൾ. മലമ്പുഴ അകമലവാരത്ത് പൂക്കുണ്ട് പ്രദേശത്താണ് രാജൻ, മണി, ശാരദ, സുദേവൻ, വിശ്വനാഥൻ, ഷിബു എന്നിവരുടെ കുടുംബങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടത്.
ചെറിയ കുട്ടികൾ ഉൾപ്പടെ ഇരുപതോളം പേരാണ് ദുരിതത്തിൽ കഴിയുന്നത്. ആറുവർഷമായി ഇവിടെ താമസിച്ചു വരുന്നു. കഴിഞ്ഞ ഒരുമാസത്തിലധികമായി ഇവർ വെള്ളക്കെട്ടിൽ ജീവിതം തള്ളിനീക്കാൻ തുടങ്ങിയിട്ട്.
ഒഴുക്കില്ലാത്ത മലിനജലത്തിൽനിന്നും സാംക്രമികരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മുൻ കരുതലുകളോ മറ്റുസംവിധാനങ്ങളുമായോ ആരോഗ്യവകുപ്പ് അധികൃതർ ഇങ്ങോട്ടെത്തിയിട്ടുമില്ല. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തോടുചേർന്ന പൂക്കുണ്ട് പ്രദേശം.
കഴിഞ്ഞ ഒന്നരമാസമായി വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇവിടം വെള്ളക്കെട്ടിലായത്. നാലു ദിവസംമുൻപ് ഇവിടേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിഛേദിക്കുകയുണ്ടായി. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് വൈദ്യുതിബന്ധം വിഛേദിച്ചത്.
മലമ്പുഴ അണക്കെട്ടിൽ ജലവിതാനം പരമാവധി സംഭരണശേഷിയിലെത്തിയതോടെ വൃഷ്ടിപ്രദേശത്തോടുചേർന്ന പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകളുണ്ട്.
അണക്കെട്ട് തുറന്നുവിട്ടെങ്കിലും മഴകുറഞ്ഞ് വെള്ളം വാർന്നുപോയാൽ മാത്രമേ സ്ഥിതി മെച്ചപ്പെടുകയുള്ളുവെന്നു പ്രദേശവാസികൾ പറയുന്നു. സുരക്ഷിതമായ സംവിധാനം ഒരുക്കുന്നതുവരെ ഇവരെ ക്യാമ്പുകളിലേയ്ക്കു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇ ബി അധികൃതർ പറഞ്ഞു.
പൂക്കുണ്ടിലെ താമസക്കാരുടെ പ്രശ്നം ഗൗരവമേറിയതാണ്. രോഗങ്ങൾ ബാധിക്കാനുള്ള സാധ്യതയുണ്ട്. അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മലമ്പുഴ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ടി.കെ. ജയപ്രസാദ് പറഞ്ഞു.
പൂക്കുണ്ടിലെ പ്രശ്നബാധിത മേഖലയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതുൾപ്പടെയുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്നു വാർഡ് മെംബർ അഞ്ജു ജയൻ പറഞ്ഞു.