രോഗികളുടെ ഹൃദയം കീഴടക്കി ഇവിടെയൊരു ഡോക്ടർ
1467646
Saturday, November 9, 2024 5:30 AM IST
ഒറ്റപ്പാലം: വിവാദങ്ങൾ ഇളകിയാട്ടംനടത്തുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഹൃദയം കീഴടക്കി മുന്നേറുകാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാൻസർരോഗ വിദഗ്ധൻ ഡോ. ദീപക് ആണ് ഈ വ്യത്യസ്തനായ ഭിഷഗ്വരൻ.
വേദനയും ആധിയുമായി തന്റെയടുത്തെത്തുന്ന രോഗികളെ ചേർത്തുനിർത്തി പരിചരിക്കുന്ന ഡോക്ടർ ദീപക്കിന്റെ പ്രവർത്തന ശൈലിയാണു ആശുപത്രിയിലെത്തുന്നവർക്കിടയിലെ പ്രധാന ചർച്ചാവിഷയം.
മഹാരോഗത്തിന്റെ പിടിയിലമർന്നു അവശരായവർക്കു വിശ്വാസവും പ്രതീക്ഷയുമാണെന്നാണ് ഇവിടെയെത്തുന്നവരുടെ വിലയിരുത്തൽ.
ഡോക്ടർക്കൊപ്പം സാന്ത്വനത്തിന്റെ സൗമ്യമുഖമായി എപ്പോഴും ഒപ്പമുള്ള മെയിൽനഴ്സ് ലിജോയും ചർച്ചയിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്. താലൂക്കാശുപത്രിക്കെതിരേ വിവാദങ്ങളുടെ പ്രവാഹങ്ങൾ ആവർത്തിക്കുമ്പോഴും രോഗികൾക്കെല്ലാം പ്രിയങ്കരനായി മാറിക്കഴിഞ്ഞിരിക്കുന്നു ഇരുവരും.
എല്ലാ വ്യാഴാഴ്ചയും ഒപി സമയത്ത് കീമോ യൂണിറ്റിലാണ് ഇദ്ദേഹത്തിന്റെ സേവനം. 2018 ൽ ആരംഭിച്ചതാണ് കീമോതെറാപ്പി യൂണിറ്റ്. 2023 ൽ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ കീമോതെറാപ്പിയും, ഓങ്കോളജി ഒപിയും പ്രവർത്തിക്കുന്നത്.
യൂണിറ്റിന്റെ പ്രവർത്തനം നിരവധി രോഗികൾക്കു ആശ്വാസവുംകരുതലും നൽകുന്നുണ്ട്. കാൻസർ രോഗബാധിതർക്ക് കീമോയുൾപ്പടെ അനുബന്ധ ചികിത്സയും നൽകിവരുന്നുണ്ട്.
രോഗനിർണയം, വിവിധ പരിശോധനകൾ, തുടർ ചികിത്സയും സംശയ നിവാരണങ്ങളും തുടങ്ങി രോഗികളെ ചേർത്തുനിർത്തി നിശബ്ദവിപ്ലവം സൃഷ്ട്ടിക്കുകയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഈ ഡോക്ടർ.15000 രൂപ മുതൽ 25000 രൂപ വരെ ചിലവുള്ള കീമോതെറാപ്പികൾ തികച്ചും സൗജന്യമായാണ് ആശുപത്രിയിൽ ചെയ്തുകൊടുക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക അനുമതിയോടെ കോങ്ങാട് സിഎച്ച്സിയിൽ നിന്നാണ് ഡോക്ടർ ദീപക്കിന്റെ സേവനം താലൂക്ക് ആശുപത്രിക്ക് വിട്ടുകിട്ടിയിട്ടുള്ളത്.
വിവിധ പ്രദേശങ്ങളിൽ നിന്നായി ആഴ്ചയിൽ മുപ്പതോളം രോഗികളാണ് നിലവിൽ ഡോക്ടറെ കാണാനെത്തുന്നത്. പ്രതിമാസം 360 ലധികം രോഗികൾ കീമോയൂണിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.