രാസവളം ക്ഷാമം: പരാതി നല്കി മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരമുണ്ടാക്കി സുരേഷ് ഗോപി
1467103
Thursday, November 7, 2024 1:57 AM IST
തൃശൂര്‍: ജില്ലയിലെ രാസവളം ക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ എറണാകുളത്തുള്ള എഫ്എസിടി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അസോസിയേഷന് ഓഫ് ഫെര്‍ട്ടിലൈസേഴ്സ്, പെസ്റ്റിസൈഡ്സ് ആന്‍ഡ് സീഡ്സ് ഡീലേഴ്സ് അസോസിയേഷന് നേതാക്കള്‍ ഇന്നലെ രാമനിലയത്തിലെത്തി നേരിട്ടുനല്കിയ പരാതിക്കു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരമായി. ഇന്ന് ആദ്യ ലോഡ് വളമെത്തും.
കാര്‍ഷികവൃത്തികള്‍ ആരംഭിക്കുന്ന മാസങ്ങളില്‍ എഫ്എസിടിയുടെ ഫാക്ടംഫോസ് അടക്കമുള്ള വളങ്ങള്‍ എത്തിക്കുന്നില്ലെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലും സ്റ്റോക്ക് എത്തിക്കുന്ന കരാറുകാരെ കിട്ടാനില്ലെന്നാണ് അറിയിച്ചത്. എന്നാല്‍, സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വടക്കന്സംസ്ഥാനങ്ങളിലേക്കും വളം കയറ്റി അയയ്ക്കുന്നുണ്ടെന്നും തൃശൂരില്മാത്രം കൃത്രിമക്ഷാമമുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്കു 12നാണ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.ആര്. സദാനന്ദന്റെ നേതൃത്വത്തില്‍ സുരേഷ് ഗോപിക്കു പരാതി നല്‍കിയത്.
ഉച്ചകഴിഞ്ഞു മൂന്നരയോടെ എറണാകുളത്തുള്ള എഫ്എസിടി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ കേന്ദ്രമന്ത്രി, ഉടനടി പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കര്ശനനടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്കി. ഇതോടെ, ഇന്ന് ആദ്യ ലോഡ് വളം എത്തിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. ഉടനടി പരിഹാരമുണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രിയടക്കം ഇടപെടുമെന്നും കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വളം ഇവിടെത്തന്നെ വിതരണം ചെയ്യുന്നതിനു മുന്‍ഗണന നല്‍കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൃഷിക്കാരടക്കം കേന്ദ്രമന്ത്രിയെ കാണാനുള്ള സംഘത്തിലുണ്ടായിരുന്നു.
കോള്മേഖലയിലടക്കം ആദ്യവളമായി ഉപയോഗിക്കുന്നത് എഫ്എസിടിയുടെ ഫാക്ടംഫോസ് ആണ്. അമോണിയം സള്‍ഫേറ്റ്, പൊട്ടാഷ്, 15:15:15 കോംപ്ലക്സ് എന്നിവയ്ക്കു പുറമേ ജൈവവളങ്ങളും ഉപയോഗിക്കുന്നു.
എഫ്എസിടിക്കു തൃശൂരില്‍ 1500 ടണ്‍വരെ സംഭരണശേഷിയുള്ള സ്വന്തം ഗോഡൗണുകളുണ്ട്. രണ്ട് ഓഫീസര്‍മാര്‍ ജോലിക്കുണ്ടെങ്കിലം കൃഷി സജീവമാകുന്ന സമയത്ത് ആവശ്യത്തിനു വളമെത്തിക്കാതെ കര്‍ഷകരെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം.
തൃശൂരിലേക്കു വളമെത്തിക്കുന്നതു നഷ്ടമാണെന്നു പറയുന്ന എഫ്എസിടി അധികൃതര്‍, ഹരിയാനയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വ്യാപകമായി ലോഡ് കയറ്റിവിടുന്നതായും അവർ പറയുന്നു.