രണ്ടാംവിള ജലവിതരണം 12ന് നടക്കുന്ന യോഗത്തിനുശേഷം
1467378
Friday, November 8, 2024 5:06 AM IST
നെന്മാറ: രണ്ടാംവിള ജലവിതരണത്തിന്റെ ഭാഗമായി പോത്തുണ്ടി അണക്കെട്ടിന്റെ ഇരുകനാലുകളും നന്നാക്കിതുടങ്ങി. കനാലുകളിൽ അടിഞ്ഞുകിടക്കുന്ന പാഴ്ചെടികളും മണ്ണും നീക്കം ചെയ്തു. കാടുപിടിച്ച നിലയിൽ വളർന്നുനിൽക്കുന്ന പുല്ലുകളും ചെടികളും വെട്ടിമാറ്റി. മണ്ണു മാന്തിയന്ത്രവും പുല്ലുവെട്ടുയന്ത്രവും ഉപയോഗിച്ചാണ് ദ്രുതഗതിയിൽ പണി പൂർത്തിയാക്കിയത്. രണ്ടാംവിള കൃഷിക്കായുള്ള ജലവിതരണം 12 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പാലക്കാട് ജോയിന്റ് വാട്ടർ റെഗുലേഷൻ ഡിവിഷൻ ഹാളിൽ ചേരുന്ന എൻജിനീയർമാരുടെയും ജലവിതരണ ഉപദേശ സമിതി അംഗങ്ങളുടെയും യോഗത്തിനുശേഷം തീരുമാനിക്കും.
നേരത്തെ പത്തിന് ജലവിതരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്. തുലാവർഷത്തിന്റെ ശക്തിയും അണക്കെട്ടിന്റെ ഉപദേശകസമിതിയുടെയും തീരുമാനമനുസരിച്ച് പതിനഞ്ചാം തീയതിക്കകം വെള്ളം തുറക്കുന്നതിനുള്ള പുതുക്കിയതീയതി തീരുമാനിക്കും. മുൻ നിശ്ചയപ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കനാലുകൾ വൃത്തിയാക്കുന്നത്. മുൻവർഷങ്ങളിൽ കനാലുകൾ കടന്നുപോകുന്ന പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നന്നാക്കുന്നതാണ് പതിവ്. ഇപ്രാവശ്യം ജലസേചന വകുപ്പ് നേരിട്ടാണ് പണിനടത്തുന്നത്. ഇതോടൊപ്പം സബ്കനാലുകളും വൃത്തിയാക്കുന്ന പണികളും പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
നെന്മാറ, അയിലൂർ പഞ്ചായത്തുകൾ പൂർണമായും മേലാർകോട്, വണ്ടാഴി, എലവഞ്ചേരി പഞ്ചായത്തുകൾ ഭാഗികമായി പോത്തുണ്ടി അണക്കെട്ടിന്റെ പരിധിയിൽപ്പെടും. ഒന്നാംവിളകൊയ്ത് ഏതാണ്ട് അവസാനഘട്ടത്തിലാണ്. രണ്ടാംവിളയ്ക്കുള്ള ഞാറിടലും ചേറ്റുവിതയ്ക്കുള്ള ഒരുക്കങ്ങളും ചില സ്ഥലങ്ങളിൽ നടീലും ആരംഭിച്ചു.
മലമ്പുഴ, മംഗലംഡാം, പോത്തുണ്ടി ജലസേചന പദ്ധതികളുടേയും, ചേരാമംഗലം സ്ക്രീമിന്റേയും രണ്ടാംവിളയുടെ ജലവിതരണത്തിനു മുന്നോടിയായി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരുമായുള്ള അവലോകനയോഗം കഴിഞ്ഞദിവസം മലമ്പുഴയിൽ ചേർന്നാണ് പന്ത്രണ്ടാം തീയതി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനമെടുത്തത്.