യുവക്ഷേത്ര കോളജിൽ സ്നേഹോത്സവം
1467864
Sunday, November 10, 2024 2:54 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധത സമ്പർക്ക പരിപാടിയായ സ്നേഹോത്സവം 2024 ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട മനുഷ്യർക്ക് നൽകുന്ന ശുശ്രൂഷ യഥാർഥത്തിൽ ദൈവത്തിന് നൽകുന്നതാണെന്നും ഉള്ളതിൽ ഏറ്റവും നല്ലത് സ്നേഹത്തോടെ നാം നൽകണമെന്നും ബിഷപ് പറഞ്ഞു.
എല്ലാവരോടും അനുകമ്പയുള്ളവരും സ്നേഹം നിറഞ്ഞവരും അലിയുന്ന ഹൃദയത്തിന്റെ ഉടമകളുമായി നാം മാറണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കൂനത്തറ ശരണാലയത്തിലെ സിസ്റ്റർ സോണി, മണ്ണാർക്കാട് സെന്റ് ഡൊമിനിക് സ്പെഷൽ സ്കൂളിലെ സിസ്റ്റർ റോസ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും കോ-ഓർഡിനേറ്റർ ലിന്റുരാജ് നന്ദിയും പറഞ്ഞു. മാനസികവൈകല്യം, ശാരീരിക ന്യൂനതകൾ, പ്രായമേറിയവർ, സാന്ത്വനപരിചരണം ആവശ്യമായ രോഗികൾ എന്നിവരെ സംരക്ഷിച്ചു വരുന്ന പത്തൊന്പതോളം സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.