ഉപതെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കണം: ജില്ലാ കളക്ടർ
1467658
Saturday, November 9, 2024 5:30 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കുന്നതിനു ഹരിതചട്ടം പൂർണമായി പാലിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും കോട്ടണ്‍തുണി, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പുനഃചംക്രമണ സാധ്യതയുള്ള പ്രകൃതിസൗഹൃദവസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക്, പിവിസി വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ കർശനമായി ഒഴിവാക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കളായ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ, വാഴയില തുടങ്ങിയവ ഉപയോഗിക്കണം. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ നിയമനടപടികൾ സ്വീകരിക്കും.
തെരഞ്ഞെടുപ്പ് ബോർഡ്, ബാനർ എന്നിവയിൽ പിവിസി ഫ്രീ റീസൈക്ലബിൾ ലോഗോ, പ്രിന്ററുടെ പേര്, ഫോണ്‍ നന്പർ, ഓർഡർ നന്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം. പുനഃചംക്രമണ പുനഃരുപയോഗ യോഗ്യമായ പ്രചരണ സാമഗ്രികൾ ഉപയോഗശേഷം അതത് രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനയ്ക്ക് കൈമാറേണ്ടതാണെന്നും അറിയിച്ചു.