ശിരുവാണിയിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി; പലയിടത്തും തകർന്ന റോഡുകൾ പ്രതിസന്ധി
1467106
Thursday, November 7, 2024 1:57 AM IST
കല്ലടിക്കോട്: ഏറെക്കാലം അടച്ചിട്ടിരുന്ന പാലക്കയം- ശിരുവാണിഡാംറോഡ് സന്ദർശകർക്കായി തുറന്നതോടെ സന്ദർശകർ എത്തിത്തുടങ്ങി.
ഇഞ്ചിക്കുന്ന് ചെക്ക്പോസ്റ്റിൽനിന്നും ശിരുവാണി, കേരള മേടുവരെയുള്ള ഒന്പതു കിലോമീറ്റർദൂരം റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിരിക്കുകയാണ്.
പൂർണമായും വനത്തിലൂടെയുള്ള ഈറോഡ് കഴിഞ്ഞ പ്രളയകാലത്ത് പൂർണമായും തകർന്നിരുന്നു. എസ് വളവിലെ റോഡിന്റെ ഭാഗം വിണ്ടുകീറി ഒഴുകിപ്പോയിരുന്നു.
ചില ഭാഗങ്ങളിൽകോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
കുത്തനെയുള്ള കയറ്റവും വീതികുറഞ്ഞ റോഡും ഇളകിയ മെറ്റലുകളും ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു.
കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡിൽ സംരക്ഷണഭിത്തിക്കുപകരം ഇരുമ്പുപൈപ്പുകൾ ഉറപ്പിച്ച് പ്ലാസ്റ്റിക്ക് ടേപ്പ് വലിച്ചു കെട്ടിയിരിക്കുകയാണ്.
ഇതിന്റെ താഴെ ഒരുകിലോമീറ്ററോളം ആഴമുള്ള കൊക്കയാണ്്. മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. സാഹസികമായിട്ടാണ് ആളുകൾ വാഹനങ്ങളുമായി ഈ വഴിയിലൂടെ പോകുന്നത്. ചെറിയ വാഹനങ്ങൾ കല്ലുകളിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈമാസം ഒന്നുമുതലാണ് സഞ്ചാരികൾക്കായി ശിരുവാണിഡാം, കേരളമേട് എന്നിവ തുറന്നുകൊടുത്തത്. മുൻകൂട്ടി ബുക്കുചെയ്തു സ്വന്തംവാഹനത്തിൽ ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റിലെത്തിയാൽ ഫോറസ്റ്റ് ഗൈഡിനൊപ്പം ശിരുവാണിയിലേക്കു പോകാൻ കഴിയും.
ഒരാഴ്ച്ചയ്ക്കുള്ളിൽ സ്വന്തം വാഹനങ്ങളിൽ 251പേരാണ് സന്ദർശനം നടത്തിയത്.
തകർന്ന റോഡുകൾ കാരണം ഒരിക്കൽപോയ യാത്രക്കാർ വീണ്ടും വരാൻ മടിക്കുകയും മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വനത്തിലൂടെയുള്ള നാലുകിലോ മീറ്ററോളം റോഡാണു മെറ്റലിളകി, പൊട്ടിപ്പൊളിഞ്ഞ് തകർന്നുകിടക്കുന്നത്.
22 കിലോമീറ്റർ വരുന്ന ഇടക്കുർശി- ശിരുവാണി റോഡ് പരിപാലിക്കുന്നതു തമിഴ്നാടാണ്.
എന്നാൽ കുറെവർഷമായി അറ്റകുറ്റപ്പണികളടക്കം മുടങ്ങിക്കിടക്കുകയാണ്.