അപകടഭീഷണിയായ ഉണക്കമരം മുറിച്ചുമാറ്റാൻ നടപടിയായില്ല
1467648
Saturday, November 9, 2024 5:30 AM IST
നെന്മാറ: നെന്മാറ- ചാത്തമംഗലം റോഡരകിൽ അപകടഭീഷണിയായി ഉണക്കമരം. ചാത്തമംഗലം മാരിയമ്മൻ കോവിലിനു സമീപം പൊതുമരാമത്ത് റോഡരികിൽ ഉണങ്ങി ഇലകൾ കൊഴിഞ്ഞു വൈദ്യുത ലൈനിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരമാണ് മുറിച്ചുമാറ്റാതെ അപകട ഭീഷണി ഉയർത്തുന്നത്.
ഈ മരത്തിന്റെ ഉണങ്ങിയചില്ലകൾ വൈദ്യുതിലൈനിൽവീണ് വൈദ്യുതിതടസവും റോഡിൽവീണ് ഗതാഗതതടസവും പതിവായിട്ടുണ്ട്. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്തിനു അധികാരം നൽകിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
മുറിച്ചുമാറ്റിയ മരം പൊതുമരാമത്ത് വകുപ്പിനു കൈമാറണമെന്നും വകുപ്പാണ് ലേലം ചെയ്യേണ്ടതെന്നുമാണ് നിലവിലെ ചട്ടമെന്നു ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ അപകട ഭീഷണി ഉയർത്തിനിൽക്കുന്ന മരംമുറിച്ചു മാറ്റാൻ നെന്മാറ പഞ്ചായത്ത് അധികൃതർ നടപടികൾ കൈക്കൊണ്ടിട്ടില്ല.
സ്കൂൾബസുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ദിവസം നൂറോളം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഒരു വർഷത്തോളമായി മരം ഉണങ്ങിയ നിലയിലാണ്.