ഒറ്റപ്പാലം ശാന്തിനഗറുകാരുടെ ദുരിതത്തിനു പരിഹാരമായില്ല
1467104
Thursday, November 7, 2024 1:57 AM IST
ഒറ്റപ്പാലം: ശാന്തിനഗറുകാരുടെ ദുരിതജീവിതത്തിന് വേനൽക്കാലത്തും പരിഹാരമില്ല. മഴക്കാലം കഴിഞ്ഞാലും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ടുള്ള ദുരിതം തീരാത്ത അവസ്ഥയാണ് ഒറ്റപ്പാലം ശാന്തിനഗറുകാർക്ക്.
മഴക്കാലത്ത് തോടുനിറഞ്ഞ് വെള്ളം വീടുകളിൽക്കയറുന്നതാണ് പ്രശ്നമെങ്കിൽ മഴകഴിഞ്ഞാൽ വെള്ളം നാലിടത്ത് കെട്ടിക്കിടക്കുന്നതാണ് പ്രശ്നം.
ഒരു കുളംപോലെയാണ് ഇവിടങ്ങളിൽ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത്.
മാലിന്യമടിഞ്ഞും ദുർഗന്ധം വമിച്ചും ഇഴജന്തുക്കൾ നിറഞ്ഞും ഈ നാലിടത്തേക്കും പോകാനാവാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അന്പതോളം കുടുംബങ്ങളാണ് ശാന്തിനഗറിൽ താമസിക്കുന്നത്. ഈ വീടുകളിലേക്ക് പോകുന്ന വഴികളിലാണ് വെള്ളം കെട്ടിക്കിടന്ന് ദുരിതമാകുന്നത്. മഴപെയ്താൽ തോട് നിറഞ്ഞാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്താറുള്ളത്. പിന്നീട് വെള്ളമൊഴുകിപ്പോകാൻ സ്ഥലമില്ലാതെ വരുന്നതോടെയാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ജൂലായിൽ തോടുനിറഞ്ഞ് ഇവിടെ വെള്ളംകയറുകയും പ്രദേശവാസികൾ മാറിത്താമസിക്കുകയും ചെയ്ത സ്ഥലമാണിത്.
ഈ സ്ഥലം മണ്ണിട്ടുനികത്തി വെള്ളം കെട്ടിക്കിടക്കാത്ത നിലയിലാക്കണമെന്നും വെള്ളത്തിന് ഒഴുകിപ്പോകാനുള്ള വഴിയുണ്ടാക്കാൻ നഗരസഭ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കൊതുക് നശീകരണത്തിനുള്ള സംവിധാനവും നഗരസഭ ഒരുക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.
കണ്ണിയംപുറം തോടിന്റെ ഭിത്തികെട്ടാത്തതുമൂലമാണ് വെള്ളം ഇവിടേക്ക് വേഗം കയറുന്നത്. പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ഭിത്തികെട്ടൽ പദ്ധതി എങ്ങുമെത്തിയിട്ടില്ല.