താലൂക്ക്തല പട്ടയമേളകൾ ഇന്ന്
1454222
Thursday, September 19, 2024 1:42 AM IST
പാലക്കാട്: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ കർമ്മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായി താലൂക് തല പട്ടയമേളകൾ ജില്ലയിൽ ഇന്ന് റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മണ്ണാർക്കാട്, അട്ടപ്പാടി താലൂക്ക് തല പട്ടയമേള മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
എം. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, വി.കെ. ശ്രീകണ്ഠൻ എംപി, കെ.ശാന്തകുമാരി എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. ഒറ്റപ്പാലം, പട്ടാന്പി താലൂക്ക്തല പട്ടമേളയും ഒറ്റപ്പാലം 2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനവും ഉച്ചയ്ക്ക് 12ന് ഒറ്റപ്പാലം സിഎസ്എൻ ഓഡിറ്റോറത്തിൽ നടക്കും. കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. മന്ത്രി എം.ബി. രാജേഷ് മുഖ്യാതിഥിയാകും. വി.കെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ പി. മമ്മിക്കുട്ടി, പി. മുഹമ്മദ് മുഹ്സിൻ തുടങ്ങിയവർ പങ്കെടുക്കും. ചിറ്റൂർ, പാലക്കാട് താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
എംപിമാരായ കെ. രാധാകൃഷ്ണൻ, വി.കെ. ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളാകും. ആലത്തൂർ താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനവും എരിമയൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനവും വൈകുന്നേരം നാലിന് ആലത്തൂർ ശ്രീ പവിത്ര കല്യാണമണ്ഡപത്തിൽ നടക്കും. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എംപി, പി.പി. സുമോദ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. പരിപാടികളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര തുടങ്ങിയവർ പങ്കെടുക്കും.
വിതരണം ചെയ്യുന്നത് 9176 പട്ടയങ്ങൾ
ഏഴ് താലൂക്കുകളിലായി മൊത്തം 9176 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. എൽടി പട്ടയം 8864, എൽഎ പട്ടയം 128, ആർഒആർ 50, മിച്ചഭൂമി പട്ടയങ്ങൾ ഡീഡ് ഓഫ് അസൈൻമെന്റ് 57, ഓഫർ ഓഫ് അസൈൻമെന്റ്് 77, ജില്ലയിലെ 157, വില്ലേജ് ഓഫീസുകളിൽ വിവിധ പദ്ധതികൾ പ്രകാരം 75, വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
എംഎൽഎ ഫണ്ട് വിനിയോഗത്തിലൂടെ രണ്ട്, വില്ലേജ് ഓഫീസുകൾ പ്ലാൻ പദ്ധതി പ്രകാരം 31, റീബിൽഡ് കേരള ഇനിയറ്റീവ് പ്രകാരം 40, പിഡബ്ല്യൂഡി, വില്ലേജ് നവീകരണം വഴി ഓരോന്ന് വീതം. 13 വില്ലേജ് ഓഫീസുകളുടെ നിർമാണം പുരോഗമിച്ചു വരുന്നു. ഏഴെണ്ണത്തിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 157ൽ 55 വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.