പഞ്ചായത്തംഗം കസേരയിൽ കയറിനിന്ന് പ്രതിഷേധിച്ചു
1466665
Tuesday, November 5, 2024 2:50 AM IST
കാഞ്ഞാണി: വാർഡിൽനടന്ന പഞ്ചായത്തിന്റെ പരിപാടി അറിയിച്ചില്ലെന്ന് ആരോപിച്ച് കസേരയിൽ കയറിനിന്ന് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം.
ഇന്നലെ മണലൂർ പഞ്ചായത്ത് അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിലാണ് പതിനാറാംവാർഡിലെ എൽഡിഎഫ് അംഗമായ സിമി പ്രദീപ് പ്രതിഷേധിച്ചത്. കേരളപ്പിറവിദിനത്തിൽ കണ്ടശാംകടവ് മാർക്കറ്റ് ഹരിത മാർക്കറ്റായി പ്രഖ്യാപനം നടത്തുന്ന ചടങ്ങിൽ അംഗത്തിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഉദ്ഘാടകൻ.
വ്യാപാരികളേയും സമീപത്തെ സ്കൂളിലെ വിദ്യാർഥികളെയും പങ്കെടുപ്പിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായി പരിപാടിയിൽനിന്നു ഒഴിവാക്കിയെന്നാണ് വാർഡ് അംഗം സിമി പ്രദീപിന്റെ ആക്ഷേപം. വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.