പൂരം അലങ്കോലപ്പെട്ട സംഭവം: മൊഴിയെടുപ്പ് തുടങ്ങി; മുൻ പോലീസ് കമ്മീഷണർക്കെതിരേ മെഡിക്കൽ സംഘത്തിന്റെ മൊഴി
1466224
Sunday, November 3, 2024 7:15 AM IST
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ബന്ധപ്പെട്ടവരുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. പൂരം അലങ്കോലപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണസംഘം ആദ്യമെടുത്തത്. പൂരം അലങ്കോലപ്പെട്ട വിഷയത്തിൽ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെ മൊഴിയെടുത്തു. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്ന ത്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ എന്നതാണ് മുഖ്യചോദ്യം. മുൻ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോ കിനെതിരേ മെഡിക്കൽ സംഘം മൊഴിനൽകിയതായാണ് സൂചന. ആംബുലൻസ് തൃശൂർ നഗരത്തിൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ടു കമ്മീഷണർ ശകാരിച്ചെന്ന മൊഴിയാണ് മെഡിക്കൽ സംഘം നൽകിയതെന്നറിയുന്നു. എംജി റോഡിലൂടെ ആംബുലൻസ് സർവീസ് നടത്തുന്പോഴാണ് കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു കയർത്തുസംസാരിച്ചത്.
ആംബുലൻസിൽ പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും ആംബുലൻസ് നിയന്ത്രിക്കുന്നത് ഈ പോലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കൽ സംഘത്തെ ശകാരിച്ചെന്നുമാണ് മൊഴി. തങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതായിരുന്നു പോലീസിന്റെ നടപടികളെന്നും ഇവർ മൊഴി നൽകി.
നെടുപുഴ സിഐ സി. അമലിന്റെ നേതൃത്വത്തിലാണ് പൂരവുമായി ബന്ധപ്പെട്ടുപ്രവർത്തിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങിയത്. ആരോഗ്യവകുപ്പ് നോഡൽ ഓഫീസറായിരുന്ന ഡപ്യൂട്ടി ഡിഎംഒ ഡോ. കെ.എൻ. സതീഷ്, അസി. നോഡൽ ഓഫിസറായിരുന്ന പി.കെ. രാജു, മെഡിക്കൽ കോളജ് നോഡൽ ഓഫിസർ ഡോ.സി. രവീന്ദ്രൻ എന്നിവരുടെയും അഗ്നിരക്ഷാസേന ജില്ലാ ഓഫിസർ, തൃശൂർ സ്റ്റേഷൻ ഓഫിസർ എന്നിവരുടെയും മൊഴികൾ രേഖപ്പെടുത്തി.
ആംബുലൻസുകൾക്കു സുഗമമായി കടന്നുപോകാൻ കഴിയാത്ത വിധം എംഒ റോഡ് അടച്ചുകെട്ടിയെന്നും തെക്കേഗോപുരനടയിൽ കുടമാറ്റം നടക്കുന്ന സ്ഥലത്തിനരികെ മെഡിക്കൽ പവലിയനിലേക്ക് മാത്രമായുള്ള പ്രത്യേക സോണിലൂടെ പൊതുജനത്തെ കടത്തിവിട്ടതു ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോഗ്യപ്രവർത്തകർ മൊഴി നൽകി. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ തങ്ങൾ പറഞ്ഞെന്നും എന്നിട്ടും പരിഹാരനടപടികളുണ്ടായില്ലെന്നും ഇവർ പരാതിപ്പെട്ടു. പലതവണ പറഞ്ഞത് ഇഷ്ടപ്പെടാതെ പോലീസ് തർക്കത്തിനു വന്നതായും മെഡിക്കൽ സംഘം മൊഴി കൊടുത്തു.
തിരുവന്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നു ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
സ്വന്തം ലേഖകൻ