ആമ്പല്ലൂരില്‍ തിരക്കൊഴിഞ്ഞു; പൊടിശല്യം രൂക്ഷം
1466207
Sunday, November 3, 2024 7:09 AM IST
ആമ്പല്ലൂര്‍: അടിപ്പാത നിര്‍മാണം ആരംഭിച്ചതുമുതല്‍ ആമ്പല്ലൂരില്‍ തുടര്‍ന്നുവന്ന ഗതാഗതക്കുരുക്കിന് ശമനമായി. ആമ്പല്ലൂര്‍ മുതല്‍ പുതുക്കാടും കടന്ന് ഒരു കിലോമീറ്ററിലേറെയാണ് ആഴ്ച അവസാനവും അവധിദിവസങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത്.
ഇതിനൊരു പരിഹാരംകാണാന്‍ പലതവണ അധികൃതര്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. കഴിഞ്ഞയാഴ്ച മോട്ടോര്‍ വാഹനവകുപ്പ് പ്രശ്നത്തില്‍ ഇടപെടുകയും പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഒരുപരിധിവരെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായത്.
സാധാരണ ശനിയാഴ്ചകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇന്നലെരാവിലെ മുതല്‍ വൈകിട്ടുവരെ തിരക്ക് കുറവായിരുന്നു. ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അടിപ്പാതയ്ക്ക് സമീപത്തുള്ള സര്‍വീസ് റോഡ് വീതിക്കൂട്ടി നല്‍കിയതാണ് തിരക്കൊഴിയാന്‍ കാരണമായത്.
ഈ ഭാഗത്ത് വേഗതകുറച്ച് വാഹനങ്ങള്‍ കടന്നുപോകുന്നതുമൂലമുള്ള നേരിയ തിരക്ക് മാത്രമാണ് ഇപ്പോഴുള്ളത്. മോട്ടോര്‍ വാഹനവകുപ്പിന്റെ നിരീക്ഷണവും തുടരുന്നതിനാല്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള അവശ്യ വാഹനങ്ങള്‍ക്കും എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയുന്നുണ്ട്.
അതേസമയം തിരക്ക് കുറഞ്ഞതോടെ പൊടിശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് വ്യാപാരികളും യാത്രക്കാരും. സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പൊടിശല്യത്തിന് കാരണം. പൊടി കുറയ്ക്കാന്‍ ഇടവിട്ട് വെള്ളം തെളിക്കാറുണ്ടെങ്കിലും ദിവസങ്ങളായി അടിപ്പാത നിര്‍മാണ കരാര്‍ കമ്പനി അതുംചെയ്യാത്ത അവസ്ഥയാണ്.