തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനു നടപടി വേണം
1466197
Sunday, November 3, 2024 7:09 AM IST
ഇരിങ്ങാലക്കുട: തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസുകളുടെ അമിതവേഗതമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കുന്നതിന് പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടികള്‍ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ആന്റോ പെരുമ്പിള്ളിയാണ് ആവശ്യം യോഗത്തിൽ ഉന്നയിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കരുവന്നൂരിനും മാപ്രാണത്തിനും ഇടയ്ക്കുള്ള സ്ഥലത്ത് അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ രണ്ടുപേര്‍ മരണിക്കുകയും എട്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വരാത്തത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. പോലീസ്, എക്സൈസ് തുടങ്ങിയ പല പ്രധാന വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ എത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള വിശദീകരണം ലഭ്യമാകാത്താണ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നത്.
കരുവന്നൂര്‍ വലിയപാലം, ചെറിയപാലം, പുത്തന്‍തോട് പാലങ്ങളും രണ്ടു കീലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളതാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ഈ റോഡുകള്‍ പൊളിക്കുമ്പോള്‍ പാലങ്ങളുടെ അവസ്ഥയെക്കുറിച്ച് വ്യക്തത ഉണ്ടാകണമെന്നും അതിനാല്‍ കെഎസ്ടിപിയുടെ പ്രതിനിധികള്‍ അടുത്ത യോഗത്തില്‍ ഉണ്ടായിരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ബാലന്, തഹസില്‍ദാര്‍ കെ.എം. സിമേഷ് സാഹു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, മുര്‍ഷിദ്, സാം തോംസണ്‍, കെ.എ. റിയാസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.