അങ്കണവാടിയും ആശുപത്രിയും ഒരേ കെട്ടിടത്തിൽ; രോഗഭീതി
1466663
Tuesday, November 5, 2024 2:50 AM IST
പുത്തൂർ: ആശങ്കയായി പുത്തൂർ പഞ്ചായത്തില്‍ അങ്കണവാടി പ്രവർത്തനം. 16-ാം വാർഡിൽ ഉൾപ്പെട്ട 112-ാം നമ്പർ അങ്കണവാടിയാണ് ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെയുള്ളിലെ മറ്റൊരു കെട്ടിടത്തില്‍ പ്രവർത്തിക്കുന്നത്.
ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആശുപത്രികെട്ടിടത്തിനോടുചേർന്ന മുറിയിലാണ് യാതൊരു മുൻകരുതലുകളുമില്ലാതെ അങ്കണവാടി പ്രവർത്തിക്കുന്നത്. രോഗികൾ ഇടപഴകുന്ന കസേരകളിലും മറ്റുമാണ് കുട്ടികൾ കളിക്കുന്നതും ഇരിക്കുന്നതും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രി പ്രവർത്തനം കഴിയുമ്പോഴാണ് അടച്ചിട്ട മുറിയിൽനിന്നു കുട്ടികളെ പുറത്തിറക്കുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് ഓഫീസിൽനിന്നു മീറ്ററുകൾ മാത്രം അകലെയാണ് അങ്കണവാടിയും ആശുപത്രിയും പ്രവർത്തിക്കുന്നത്.
കുട്ടികൾക്ക് ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ അങ്കണവാടിയുടെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അതേസമയം സൗകര്യപ്രദമായ സ്ഥലം ലഭിച്ചാൽ അങ്കണവാടി കെട്ടിടം മാറ്റാൻ നടപടിയെടുക്കുമെന്ന് പുത്തൂർ പഞ്ചായത്ത് ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത് പറഞ്ഞു.