വനിതാനേതാക്കള്‍ കുറവ്: തരൂർ
1466659
Tuesday, November 5, 2024 2:50 AM IST
തിരുവില്വാമല: രാഷ്ട്രീയരംഗത്തു വനിതാനേതാക്കളുടെ കുറവുണ്ടെന്നു ശശി തരൂർ എംപി. പ്രത്യേകിച്ച് കേരളത്തിൽ വനിതാജനപ്രതിനിധികൾ കുറവാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം തിരുവില്വാമലയിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ.
കേരളത്തിലെ ജനപ്രതിനിധികളിൽ സ്ത്രീകൾ കുറയുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. മഹിളകളുടെ കുറവിനെക്കുറിച്ച് ഭാരതം മുഴുവൻ നടന്ന് ഞാൻ പറയുന്നതാണ്. പഠിപ്പിലും ജോലിയിലും മലയാളിവനിതകൾ മുന്നിൽ വന്നിട്ടുണ്ടെങ്കിലും ജനപ്രതിനിധികൾ കുറവാണെന്നു തരൂർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു രണ്ട് വനിതാ സ്ഥാനാർഥികളുണ്ട്, വയനാട്ടിൽ പ്രിയങ്കയും ചേലക്കരയിൽ രമ്യ ഹരിദാസും. അവർക്ക് അവസരം കൊടുക്കണം. രണ്ടുപേരും കഴിവുള്ളവരാണ്. മഹിളകൾ പറയുമ്പോൾ വിലക്കയറ്റത്തിന്റെ രൂക്ഷത കൂടുതൽ മനസിലാകും.
കഴിഞ്ഞ 28 വർഷമായി ചേലക്കര സിപിഎം പ്രതിനിധിയെയാണ് തെരഞ്ഞെടുക്കുന്നത് . എന്നിട്ട് എന്തെങ്കിലും വലിയ വികസനം പറയാൻ കഴിയുമോ. പിണറായി വിജയൻ പറയുന്നതു കേൾക്കാനാണോ ജനപ്രതിനിധിയെ അയയ്ക്കേണ്ടത്. അതോ സിപിഎം പ്രവർത്തകരുടെ പോക്കറ്റിൽ കാശിടാനോ. സർക്കാരിനെതിരായി സംസാരിക്കാനും സംസ്ഥാനത്തിന്റെ നന്മയെക്കുറിച്ച് സംസാരിക്കാനും ആളുവേണ്ടേയെന്നും തരൂർ ചോദിച്ചു.