പ്രശ്നങ്ങൾക്കു കാരണം കമ്മീഷണറുടെ പോലീസ് രാജെന്നു തിരുവമ്പാടി ദേവസ്വം
1466658
Tuesday, November 5, 2024 2:50 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്നത്തെ സിറ്റി പോലീസ് കമ്മീഷണർക്കെതിരേ തിരുവമ്പാടി ദേവസ്വത്തിന്റെ മൊഴി. പ്രത്യേക അന്വേഷണസംഘത്തിനുമുമ്പാകെയാണ് ദേവസ്വം ഭാരവാഹികൾ മൊഴിനൽകിയത്.
തൃശൂർ പോലീസ് ക്ലബില്‍ മൊഴിയെടുപ്പ് നാലു മണിക്കൂര്‍ നീണ്ടു. എസിപി വി.എ. ഉല്ലാസ്, എസ്ഐ സന്തോഷ് എന്നിവരാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാര്‍, ജോയിന്റ് സെക്രട്ടറി പി. ശശിധരന് എന്നിവരിൽനിന്നു മൊഴിയെടുത്തത്.
എന്തടിസ്ഥാനത്തിലാണ് പൂരം ചടങ്ങുകൾ നിർത്തിവച്ചത് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ പ്രധാന ചോദ്യം. ആരാണ് പൂരം ചടങ്ങുകൾക്കു തടസം ഉണ്ടാക്കിയതെന്നും ചോദിച്ചു. പൂരംദിവസം രാവിലെമുതൽ ചടങ്ങുകൾ തടസപ്പെടുത്തുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു ദേവസ്വം ഭാരവാഹികൾ മൊഴിനൽകി. അന്നു സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന്റെ നേതൃത്വത്തിലായിരുന്നു പോലീസ് രാജിനെ അനുസ്മരിപ്പിക്കുംവിധമുള്ള പോലീസിന്റെ നടപടികൾ.
പൂരത്തിനു മുന്നോടിയായുള്ള യോഗത്തിൽ ഉണ്ടായ എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ടാണ് കമ്മീഷണർ പെരുമാറിയത്. പൂരം അലങ്കോലപ്പെടുന്ന തരത്തിലുള്ള പല തീരുമാനങ്ങളും കമ്മീഷണർ ഏകപക്ഷീയമായാണ് കൈക്കൊണ്ടത്. ഇതു ചോദ്യംചെയ്തപ്പോളെല്ലാം അതു കേൾക്കാൻപോലും കമ്മീഷണർ തയാറായില്ല. ദേവസ്വം പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവരെ പലയിടത്തും പോലീസ് തടഞ്ഞു.
പൂരം ദിവസം രാവിലെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് തുടങ്ങിയപ്പോൾതന്നെ എതിർപ്പുകളും വിലക്കുകളുമായി പോലീസ് എത്തി. തെക്കോട്ടിറക്കത്തിന്റെ ദിവസം ഭാരവാഹികൾക്കും മറ്റു പ്രവർത്തകർക്കും ക്ഷേത്രത്തിനകത്തു കയറാൻവരെ തടസമുണ്ടായി. ഈ സമയത്തു പോലീസുമായി വാക്കുതർക്കംവരെ ഉണ്ടായി. കുടമാറ്റസമയത്തു സ്പെഷൽ കുടകൾ എത്തിച്ചപ്പോഴും ആനകൾക്കു പട്ട കൊണ്ടുവന്നപ്പോഴും കമ്മീഷണർ പ്രശ്നമുണ്ടാക്കി. ഉന്തും തള്ളുംവരെ അവിടെ നടന്നു എന്നാണ് മൊഴിയിൽ പറഞ്ഞിട്ടുള്ളത്.
മഠത്തിൽനിന്നുള്ള വരവിന്റെ സമയത്തും രാത്രിപ്പൂരത്തിന്റെ സമയത്തും അനാവശ്യമായ നിയന്ത്രണങ്ങൾകൊണ്ട് പൂരം കാണാൻ എത്തിയവരെയും ദേവസ്വം ഭാരവാഹികളെയും വെടിക്കെട്ടുപണിക്കാരെയും വെടിക്കെട്ടിനു സഹായിക്കേണ്ട ദേവസ്വത്തിന്റെ വോളന്റിയർമാരെയും പ്രവർത്തകരെയുംവരെ പോലീസ് തടയുന്ന സ്ഥിതിയുണ്ടായി. അനാവശ്യ നിയന്ത്രണമേര്പ്പെടുത്തിയതിനുപുറമെ ദേവസ്വം കമ്മിറ്റി അംഗങ്ങള്ക്കുനേരേ പോലും ലാത്തിയടിയുണ്ടായി. ഇതോടെയാണ് ചടങ്ങ് മാത്രമാക്കി എഴുന്നള്ളിച്ചതെന്നും, വെടിക്കെട്ടുപുരയുടെ താക്കോൽ പോലിസ് കൊണ്ടുപോയതും പ്രതിസന്ധിക്കിടയാക്കിയെന്നും മൊഴിനൽകിയിട്ടുണ്ട്.