സർവീസുകൾ പാതിവഴിയിൽ ഉപേക്ഷിച്ച് സ്വകാര്യ ബസുകൾ
1466656
Tuesday, November 5, 2024 2:50 AM IST
തൃശൂർ: നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കവേ കുരുക്കിൽ വലഞ്ഞ് വാഹനങ്ങളും യാത്രക്കാരും. അപകടഭീതിയോടെ കാൽനടയാത്രികർ. സമയത്തിന് എത്താൻ കഴിയാതെ സർവീസ് മുടങ്ങി ബസ് സർവീസുകൾ.
ഏറെനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കൂർക്കഞ്ചേരി - കുറുപ്പം റോഡിന്റെ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണു പ്രദേശവാസികൾക്കു ദുരിതവും വർധിച്ചത്. റോഡ് നിർമാണത്തിന്റെ പേരിൽ വാഹനങ്ങൾ റൂട്ട് മാറ്റിവിട്ടതോടെ വീതികുറവുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് പതിവാകുകയാണ്. കണ്ണംകുളങ്ങര ഭാഗത്തെ വീതികുറവുള്ള റോഡുകൾമൂലം ബസുകൾക്കു വളവുകൾ തിരിക്കാൻതന്നെ മതിയായ സൗകര്യം ഇല്ലാത്തതു ഗതാഗതം ദുഷ്കരമാക്കി.
കൃത്യസമയം പാലിക്കാൻ കഴിയാതെവരുന്നതോടെ പല ബസുകളും സർവീസ് പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ പോകുകയാണ്. നിലവിൽ മൂന്നുമാസത്തെ കാലയളവാണ് റോഡ് നിർമാണത്തിനു കോർപറേഷൻ തീരുമാനിച്ചിരിക്കുന്ന സമയം. അല്പസ്വല്പം ബുദ്ധിമുട്ടുകൾ ഉണ്ടായാലും വികസനത്തിനാണല്ലോ എന്നുള്ളതിനാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ സാരമില്ലെന്നു പറയുന്നവരുമുണ്ട്.
അടിപ്പാതനിർമാണം നടക്കുന്നതിനാൽ ആന്പല്ലൂർ, പുതുക്കാട് മേഖലയിലും യാത്ര ദുഷ്കരമാണ്. രണ്ടു സെന്ററുകളിലെയും സബ് റോഡിലെയും തിരക്കു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ശാശ്വതപരിഹാരം കാണാത്തതു ജനജീവിതത്തെ സ്തംഭിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ആംബുലൻസുകൾ അടക്കമുള്ളവ ഗതാഗതക്കുരുക്കിൽ ഏറെനേരം കിടക്കാൻ ഇടയാകുന്നതു രോഗികളുടെ ജീവനുവരെ ഭീഷണിയാണെന്നും പരാതിയുണ്ട്.