നാഷണൽ ഹൈവേ അഥോറിറ്റിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ട്വന്റി-ട്വന്റി
1466195
Sunday, November 3, 2024 7:09 AM IST
കൊരട്ടി: ചിറങ്ങരമുതൽ പേരാമ്പ്രവരെയുള്ള അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും അശാസ്ത്രീയ നിർമാണങ്ങൾക്കെതിരെ കോടതിയെ സമീപിക്കുവാനൊരുങ്ങി ട്വന്റി -ട്വന്റി ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി.
അടിപ്പാതനിർമാണം നടക്കുന്ന ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പോട്ട, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. ചാർളി പോൾ, കൊടുങ്ങല്ലൂർ - അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റി ഡോ. വർഗീസ് ജോർജ്, ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ്് അഡ്വ. സണ്ണി ഡേവിസ് എന്നിവർ സ്ഥലങ്ങളിൽ നേരിട്ടെത്തി വിലയിരുത്തി.
അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടി വേണമെന്നും ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയുള്ള നിർമാണപ്രവർത്തനങ്ങൾക്കെതിരേ ജനങ്ങൾക്കൊപ്പംനിന്നുകൊണ്ട് കോടതിയെ സമീപിക്കുമെന്നും അഡ്വ. ചാർളി പോൾ പറഞ്ഞു.
സർവീസ് റോഡുകളുടെയും ഡ്രൈനേജുകളുടെയും ശോച്യാവസ്ഥ നിരവധിതവണ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടികളുമുണ്ടായില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-ട്വന്റി ഭാരവാഹികളായ ആന്റണി പുളിക്കൻ, പി.ഡി. വർഗീസ്, സൗദ ബീവി, ആശ, വി.പി. ഷിബു, സിജുമോൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.