ചെറുതുരുത്തിയിലെ സംഘർഷം; കേസെടുത്ത് പോലീസ്
1466208
Sunday, November 3, 2024 7:09 AM IST
തൃശൂർ: തെരഞ്ഞെടുപ്പുപ്രചാരണങ്ങൾക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ മർദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസെടുത്തത്. കോണ്ഗ്രസ് പ്രവർത്തകനായ ഇക്ബാലിനെയും പ്രതിചേർത്തു. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി എന്നാണ് എഫ്ഐആറിൽ പറയുന്നത്.
ചെറുതുരുത്തിയിൽ പ്രതിഷേധം നടത്തിയതിനും സിപിഎം പ്രവർത്തകർക്കെതിരേയും കോണ്ഗ്രസ് പ്രവർത്തകർക്കെതിരേയും കേസുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പ് സംഘർഷമുണ്ടാക്കി അട്ടിമറിക്കാൻ കോണ്ഗ്രസും യുഡിഎഫും ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. വത്സരാജും സെക്രട്ടറി എ.സി. മൊയ്തീനും രംഗത്തുവന്നു.
സംഘർഷത്തിന്റെ പേരിൽ തിരിച്ചടിക്കാമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രവർത്തകരോടു വീഡിയോ കോളിലൂടെ പറഞ്ഞത് കൊലവിളിയാണ്. കോണ്ഗ്രസ്, യുഡിഎഫ് നേതാക്കൾ ബോധപൂർവം ആസൂത്രണം ചെയ്താണ് സംഘർഷമുണ്ടാക്കുന്നതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും ഇരുവരും പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സിപിഎം - കോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ചെറുതുരുത്തിയിലെ വികസനമുരടിപ്പിനെതിരേ തലകുത്തിനിന്ന് പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായ നിഷാദ് തലശേരിയെയും ബന്ധുവിനെയും പ്രതിഷേധ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി പൊതിരേ തല്ലിയെന്നായിരുന്നു നിഷാദിന്റെ പരാതി.
പോലീസ് സ്ഥലത്തുണ്ടായിട്ടും സംഘർഷം തടഞ്ഞില്ലെന്ന് ആരോപിച്ച് കോണ്ഗ്രസ് പ്രവർത്തകർ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തങ്ങളെയാണ് മർദിച്ചതെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങി. ഇതും സംഘർഷത്തിൽ കലാശിച്ചു.