മച്ചാടിന്റെ മാമാങ്കപ്പെരുമ കടൽ കടക്കുന്നു
1466374
Monday, November 4, 2024 2:35 AM IST
വടക്കാഞ്ചേരി: മച്ചാടിന്റെ മാമാങ്കപ്പെരുമ കടൽ കടക്കുന്നു. ഡിസംബർ ആദ്യവാരത്തിൽ ദുബായിൽ നടക്കുന്ന"മ്മടെ തൃശൂർ പൂര'ത്തിൽ ഇത്തവണ മച്ചാട് മാമങ്കക്കുതിരയെയും എഴുന്നള്ളിക്കും. മച്ചാട് ദേശത്തുനിന്ന് പുതിയ കുതിരയെ നിർമിച്ചാണു വിദേശത്തേക്ക് കൊണ്ടുപോകുന്നത്. പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിലാണു മച്ചാട് മാമാങ്കക്കുതിരയെ എഴുന്നള്ളിക്കുക.
തേക്കിൻതടിയിൽ കുതിരചട്ടകവും കുതിരത്തലയും നിർമിച്ചശേഷം പച്ചമുളയും വൈക്കോ ലുംകൊണ്ട് പൊയ്ക്കുതിരയെ നിർമിച്ച് തുണികൊണ്ടു പൊതിഞ്ഞ് പുതിയ നാളവും ആലവട്ടവും മറ്റ് ആടയാഭരണങ്ങളും അണിയിച്ചാണ് കപ്പൽമാർഗം കൊണ്ടുപോകുന്നത്.
ശില്പി കെ.എസ്. ബിജുവിന്റെ നേതൃത്വത്തിൽ പി.കെ.ഗീജേഷ്, എ.കെ. മണികണ്ഠൻ, ബിനോയ്, കെ.ടി. വേണു, സുനിത സജീഷ്, ബാലൻ എടമന, സുഭാഷ് മൂർക്കനാട്ട്, ഉണ്ണികൃഷ്ണൻ കോക്കൂർ എന്നിവരുടെ നേതൃത്വത്തിലാണു കുതിരനിർമാണം പൂർത്തിയാക്കിയത്. കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തിൽവച്ച് പൊയ്ക്കുതിരയ്ക്കു തലവച്ച് ആടയാഭരണങ്ങൾ ചാർത്തിയ ശേഷം മച്ചാട് ഇളയത് അരീക്കരയില്ലത്ത് കൃഷ്ണകുമാർ ഇളയത് കുതിരയെ കൈമാറി. പ്രവാസിസംഘടനകൾക്കുവേണ്ടി വിഷ്ണു അന്നകര ഏറ്റുവാങ്ങി.
വിവിധ ദേശക്കമ്മിറ്റി ഭാരവാഹികളായ ദിനേശൻ തടത്തിൽ, കെ. സുധീഷ്, കെ. രാമചന്ദ്രൻ, ഐശ്വര്യ ഉണ്ണി, പി.കെ. രാമചന്ദ്രൻ, ശിവദാസൻ കോട്ടയിൽ, പി. വാസുദേവൻ, കെ. ശ്രീദാസ്, ടി. ഗിരീഷ്, എം. അരുൺ എന്നിവർ നേതൃത്വം നൽകി.