വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾക്കായി ജില്ലാതല പാചകമത്സരം നടത്തി
1466219
Sunday, November 3, 2024 7:15 AM IST
തൃശൂർ: പൊതുവിദ്യാഭ്യാസവകുപ്പ് തൃശൂർ ജില്ലയിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട പാചകത്തൊഴിലാളികൾക്കായി ജില്ലാതല പാചകമത്സരം നടത്തി. തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിച്ചു. തൃശൂർ വിദ്യാഭാസ ഉപഡയറക്ടർ അജിതകുമാരി അധ്യക്ഷത വഹിച്ചു.
പാചക മത്സരത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വെക്കോട് ജിഎഫ്എൽപി സ്കൂളിലെ സി.ഡി. സിജി ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട ഉപജില്ലയിലെ ചെങ്ങാലൂർ എഎൽപി സ്കൂളിലെ സി.ആർ. പ്രേമ രണ്ടാംസ്ഥാനവും വടക്കാഞ്ചേരി ഉപജില്ലയിലെ കാഞ്ഞിരക്കോട് ബിഎംപിവി സ്കൂളിലെ ശ്രീജ ബിജു മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്ക് കാഷ് അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും മത്സരത്തിൽ പങ്കെടുത്ത മുഴുവൻപേർക്കും സർട്ടിഫിക്കറ്റുകളും കളക്ടർ വിതരണം ചെയ്തു.
തൃശൂർ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റിമാരായ ജി. അനീഷ്കുമാർ, ശ്രീജിത്ത് മേപ്പുള്ളിത്താഴത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ കണ്‍സൾട്ടന്റ് എസ്.ആർ. ശാലിനി എന്നിവരുടെ മേൽനോട്ടത്തിലാണു മത്സരം നടന്നത്. കോർപർപറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ, ജസ്റ്റിൻ സി. ഫ്രാൻസിസ്, സി.ആർ. ഗംഗാദത്ത്, സി. മിനി എന്നിവർ പ്രസംഗിച്ചു.