എസ്ബികെഎഫ് ദേശീയ നീന്തൽ മത്സരം: മൂന്ന് പേർക്ക് സ്വർണം
1513211
Wednesday, February 12, 2025 3:56 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ നീന്തൽ കുളത്തിൽ പരിശീലിച്ച മൂന്നുപേർ ദേശീയ മത്സരങ്ങളിൽ സ്വർണം നേടി. രാജസ്ഥാൻ ജയ്പൂരിൽ നടന്ന 11-ാമത് സന്യുക്ത ഭാരതീയ ഖേല്‍ ഫൗണ്ടേഷന് (എസ്ബികെഎഫ്) നാഷണൽ മീറ്റിലെ നീന്തൽ മത്സരങ്ങളിലാണ് ആൻഡ്രിയ അന്ന അനിൽ, അന്നബെല്ലെ അന്ന അനിൽ, അഥാലിയ ഏലിയാസ് എന്നിവർ സ്വർണ മെഡലുകൾ നേടിയത്.
14 വയസിൽ താഴെയുള്ളവരുടെ 50 മീറ്റർ ഫ്രീ സ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, 25 മീറ്റർ ഫ്രീ സ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ നാലിനങ്ങളിലും സ്വർണം നേടി ആൻഡ്രിയ അന്ന അനിൽ വ്യക്തിഗത ചാന്പ്യനായി. ഒന്‍പത് വയസിൽ താഴെയുള്ളവരുടെ 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 25 മീറ്റർ ബാക്ക് സ്ട്രോക്ക്, 25 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിലാണ് അന്നബെല്ലെ അന്ന അനിൽ സ്വർണം നേടിയത്.
അഥാലിയ ഏലിയാസിന് 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ, 25 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിൽ 11 വയസിൽ താഴെയുള്ളവരുടെ കാറ്റഗറിയിൽ സ്വർണം ലഭിച്ചു. സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനം ഫാ. ജോണ്‍ എർണ്യാകുളത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ. സജീവ് അധ്യക്ഷത വഹിച്ചു.