കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ സര്‍വീസിന് " കേബിള്‍ കുരുക്ക് '
1513179
Wednesday, February 12, 2025 3:19 AM IST
കൊച്ചി: കൊച്ചിയിലെ കേബിള്‍ കുരുക്കിനെത്തുടര്‍ന്ന് സര്‍വീസ് ആരംഭിക്കാനാകാതെ ജില്ലയിലെത്തിയ ആദ്യ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ്. പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി റൂട്ട് നിശ്ചയിച്ചെങ്കിലും സര്‍വീസ് നടത്തേണ്ട പാതയില്‍ താഴ്ന്നു കിടക്കുന്ന കേബിളുകള്‍ തടസമായതോടെയാണ് ബസ് ഒന്നരമാസത്തോളമായി എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഗാരേജില്‍ അനക്കമില്ലാതെ കിടക്കുന്നത്.
70 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന പഴയ മോഡല്‍ ബസാണ് തലശേരിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. സന്ധ്യാസമയത്തും രാത്രിയിലും കൊച്ചിയിലെ കാഴ്ചകള്‍ ആ്സ്വദിക്കുന്നതിന് സിറ്റി ടൂര്‍ സര്‍വീസുകളായിരുന്നു ലക്ഷ്യം.
എറണാകുളത്തുനിന്നും കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍, തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി റൂട്ടാണ് സര്‍വീസിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ തോപ്പുംപടി മുതല്‍ റോഡില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ സര്‍വീസിന് തടസം സൃഷ്ടിക്കുകയായിരുന്നു.
നിലവില്‍ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നേരത്തെ കെഎസ്ആര്‍ടിസി തോപ്പുംപടി വരെ ഡബിള്‍ ഡക്കര്‍ പാസഞ്ചര്‍ സര്‍വീസ് നടത്തിയിരുന്നു. സിറ്റി ടൂര്‍ പാക്കേജില്‍ നിലവില്‍ ഒരാള്‍ക്ക് 250 മുതല്‍ 300 രൂപ വരെ നിരക്ക് ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.