കുളങ്ങാട്ടുകുഴി പ്ലാന്റേഷനിൽ വനം വകുപ്പ് കാമറയിൽ കടുവയും കാട്ടാനക്കൂട്ടവും
1513203
Wednesday, February 12, 2025 3:51 AM IST
കോതമംഗലം: കുളങ്ങാട്ടുകുഴി പ്ലാന്റേഷനിൽ കടുവയെ നീരീക്ഷിക്കാൻ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയെക്കൂടാതെ കാട്ടാനക്കൂട്ടത്തിന്റെ ചിത്രങ്ങളും പതിഞ്ഞു. പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയാണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്ലാന്റേഷൻ. പശുവിന്റെ ജഡാവശിഷ്ടം ഭക്ഷിക്കാൻ ഇടയ്ക്കിടെ കടുവ എത്തുന്നതും കാട്ടാനക്കൂട്ടം തന്പടിക്കുന്നതും വനംവകുപ്പിന്റെ കാമറയിൽ പതിയുന്നുണ്ട്.
കടുവ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. കടുവ നാട്ടിലിറങ്ങാത്തതിനാൽ കൂട് വച്ചു പിടികൂടാനുള്ള പദ്ധതികളൊന്നും നിലവിലില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. തിങ്കളാഴ്ച രാവിലെ വടക്കുംഭാഗം പുന്നക്കാപ്പിള്ളി ഭാഗത്ത് കടുവയുടെ അലർച്ച കേട്ടതായി ടാപ്പിംഗ് തൊഴിലാളികളും പ്രദേശവാസികളും പറഞ്ഞു. കൊന്നിട്ടിരിക്കുന്ന പശുവിന്റെ ജഡാവശിഷ്ടം തിന്ന് തീർന്നാൽ കടുവ ജനവാസ മേഖലയിലും ഇറങ്ങി ഇരതേടുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.
വളർത്തു മ്യഗങ്ങൾക്കും മനുഷ്യനും സംരക്ഷണം വേണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. പശുവിന്റെ ജഡാവശിഷ്ടം ഓരോ ദിവസവും തീറ്റ കഴിയുന്പോൾ കടുവ വലിച്ച് നീക്കി ഇടുന്നുണ്ട്. ഇത് ഏറെയും ഭക്ഷിച്ച് കഴിഞ്ഞ നിലയിലാണ്.
പഞ്ചായത്ത് പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പശുവിനെ ആക്രമിച്ച സ്ഥലത്തെത്തി പരിശോധന നടത്തിയത്. മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽകുമാർ, കോടനാട് റേഞ്ച് ഓഫീസർ അദീഷ്, മേക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് കുമാർ, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.
വാഗ്ദാനങ്ങൾ നൽകി കബളിക്കുന്ന രീതി ഉപേക്ഷിച്ച് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ട് ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് പിണ്ടിമന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സണ് ദാനിയേൽ, വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോഷി നിരപ്പേൽ എന്നിവർ പറഞ്ഞു.