യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; അക്ഷയ സെന്റർ ഉടമ പിടിയിൽ
1513173
Wednesday, February 12, 2025 3:19 AM IST
ആലുവ: സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ പിന്തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് മുപ്പത്തടം കൈന്റിക്കര കൊല്ലംകുന്ന് അലി (53) യെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ആലുവ യുസി കോളജിനടുത്ത് സ്നേഹതീരം റോഡിലാണ് സംഭവമുണ്ടായത്. അലി യുവതിക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയാണ് യുവതി രക്ഷപ്പെട്ടത്. യുവതി രക്ഷപ്പെട്ട് ഓടുന്നതും പിന്നാലെ ഇയാൾ വരുന്ന അടങ്ങുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
യുവതി പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ തങ്ങി ആലുവ മണപ്പുറത്ത് എത്തി.
അവിടെ വച്ച് പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. സൗഹൃദത്തിലായിരുന്ന ഇവർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മുപ്പത്തടത്ത് അക്ഷയ സെന്റർ നടത്തുകയാണ് അലി.