ചെങ്ങൽ തോട്ടിൽ താത്കാലിക തടയണ നിർമാണമാരംഭിച്ചു
1513192
Wednesday, February 12, 2025 3:41 AM IST
കാലടി: പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട്ടിൽ താത്കാലിക തടയണനിർമാണമാരംഭിച്ചു. വിമാനത്താവള റൺവേ നിർമാണത്തിനായി നികത്തിയ തോട്ടിൽ നീരൊഴുക്ക് നിലനിർത്തുന്നതിനും വേനൽ കടുക്കുമ്പോൾ തോട്ടിലെ വെള്ളം പൂർണമായും പെരിയാറിലേക്കൊഴുകിപ്പോകുന്നത് തടയാനുമാണ് സിയാൽ മാവേലിത്തെറ്റ പാലത്തിനു താഴെ തടയണ നിർമിക്കുന്നത്.
ഇതുവഴി ഇരുകരകളിലുമായി പ്രവർത്തിക്കുന്ന വലുതും ചെറുതുമായ ഇറിഗേഷൻ സ്കീമുകളുടെ പ്രവർത്തനം സുഗമമാവുകയും, ഏക്കർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ, കിണറുകളിലെ ഉറവ,അതുവഴി കുടിവെള്ള ലഭ്യതയും ഉറപ്പാക്കാനുമാകുമെന്നതിനാൽ നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പ്രകൃതിയുടെ വരദാനമായ തോട് സംരക്ഷിച്ചേ മതിയാകൂയെന്ന യാഥാർഥ്യം മനസിലാക്കിയാണ് നാളുകളായുളള പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് സിയാൽ മെയിന്റനൻസ് വിഭാഗം തടയണ നിർമാണമാരംഭിച്ചിട്ടുള്ളത്. നാട്ടുകാർ ചേർന്ന് രൂപീകരിച്ച മാവേലിത്തെറ്റ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം മുമ്പ് ഈ ആവശ്യമുന്നയിച്ച് സിയാൽ അധികൃതർക്ക് നിവേദനം നൽകിയത്.
മാവേലിത്തെറ്റ, പുളിയാമ്പിള്ളി, കൊടിഞ്ഞിലി എന്നിവിടങ്ങളിൽ തോടിനുകുറുകെ മണ്ണടിച്ച് വ്യാസമുളള പൈപ്പ് സ്ഥാപിച്ച് നിർമിച്ചിരുന്ന ബണ്ടുകളിൽ വെളളം തടഞ്ഞു നിൽക്കുന്നതിനാൽ തടയണയുടെ ഗുണം ലഭിക്കും വിധമായിരുന്നു കിടന്നിരുന്നത്.
എന്നാൽ ഇവിടെയെല്ലാം പുതിയ പാലങ്ങൾ ഉയർന്നതോടെ ഇവ പൊളിച്ചു മാറ്റുകയും യഥേഷ്ടം വെള്ളം പെരിയാറിലേക്കൊ ഴുകിയിറങ്ങുകയുമാണ് ചെയ്യുന്നത്. ഇതുമൂലം വേനലിൽ സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റുകയും കുടിവെള്ളത്തിനായി ഗ്രാമവാസികൾ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. നീരൊഴുക്ക് നിലനിർത്താനായൊരുക്കുന്ന തടയണ പുളിയാമ്പിള്ളിയിലും നിർമിച്ചാലെ യഥാർഥ ഗുണം ലഭ്യമാകൂ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.