കനാലുകളുടെ സംരക്ഷണം : ജനകീയ പട്രോളിംഗിന് പോലീസ്
1513178
Wednesday, February 12, 2025 3:19 AM IST
കൊച്ചി: നഗരത്തില്‍ റസിഡന്റ്സ് അസോസിയേഷകളുമായി സഹകരിച്ച് രാത്രികാല പട്രോളിംഗിനൊരുങ്ങി പോലീസ്. നവീകരണ പ്രവര്‍ത്തനം നടന്ന കനാലുകളില്‍ വീണ്ടും മാലിന്യം വലിച്ചെറിയുന്ന പ്രവണതകളടക്കം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
കൊച്ചിയിലെ കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങളില്‍ റസിഡന്റ്സ് അസോസിയേഷകളുടെ സഹകരണം ഉറപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. റസിഡന്റ്സ് അസോസിയേഷനുകള്‍ പോലീസ് പട്രോളിംഗിന്റെ ഭാഗമാകാന്‍ നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
രാത്രികാല പരിശോധനകള്‍ ശക്തമാക്കുന്നതോടെ അനധികൃതമായി മാലിന്യം വലിച്ചെറിയുന്നത് തടയാനും നടപടി സ്വീകരിക്കാനുമാണ് നീക്കം. പോലീസിനൊപ്പം കോര്പറേഷന് ഉദ്യോഗസ്ഥരെയും പരിശോധനയുടെ ഭാഗമാക്കും. കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ പ്രശ്നങ്ങളിലുമുള്ള ജനങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം.
പേരണ്ടൂര്‍ കനാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മേയിനു മുന്നേ പൂര്‍ത്തീകരിക്കും. നഗരത്തിലെ മറ്റു കനാലുകളിലെ മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി തന്നെ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെയും താമസസ്ഥലങ്ങളുടെയും മാലിന്യക്കുഴലുകള്‍ കനാലുകളിലേക്ക് തുറന്നു വച്ചിട്ടുണ്ടോ എന്ന പരിശോധനയും ഇതോടൊപ്പം നടക്കും. അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.