ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു മരണം
Sunday, February 23, 2025 1:00 AM IST
രാജാക്കാട്( ഇടുക്കി): രാജാക്കാട് പന്നിയാർകുട്ടി പള്ളിക്കു സമീപം ജീപ്പ് കൊക്കയിലേക്കു മറിഞ്ഞു മൂന്നു മരണം.
പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (59), ഭാര്യ റീന (55), ജീപ്പിന്റെ ഓടിച്ചിരുന്ന ഉടമ ഉണ്ടമല തത്തംപിള്ളിൽ ഏബ്രഹാം (അവറാച്ചൻ-73) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10നാണ് ബന്ധുക്കളായ മൂവരും ജോസ്ഗിരിയിലുള്ള ബന്ധുവിനെ സന്ദർശിച്ച ശേഷം ബോസിന്റെ പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമുള്ള വീട്ടിലേക്കു വരുന്ന വഴി അപകടത്തിൽപ്പെട്ടത്.
വീതിക്കുറവും കുത്തിറക്കവുമുള്ള കോൺക്രീറ്റ് റോഡിന്റെ ഓരം ചേർന്ന് ജലവിതരണത്തിനായി ഇട്ടിരുന്ന എച്ച്ഡി പൈപ്പിൽ കയറിയ ജീപ്പ് നിയന്ത്രണം വിട്ട് എതിർവശത്ത് 60 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു.
കൊക്കയിലേക്കു മറിഞ്ഞപ്പോൾ ആ ഭാഗത്തുണ്ടായിരുന്ന വലിയ പാറക്കല്ലുകളും അടർന്ന് ജീപ്പിനൊപ്പം താഴേക്ക് പതിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവർ അവറാച്ചനെ പുറത്തെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അടിമാലിക്കു സമീപം വച്ചു മരിച്ചു.
ബോസിന്റെ ഭാര്യ റീന സംഭവസ്ഥലത്തുതന്നെ മരിച്ചു. പാറക്കല്ലിന്റെ അടിയിൽനിന്നും കല്ല് തള്ളി മാറ്റിയാണ് റീനയെ പുറത്തെടുത്തത്. ബോസിനെ അടിമാലി ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയാണ് റീന. റീനയുടെ സഹോദരൻ ഏഷ്യൻ ഗെയിംസ് താരം കെ.എം. ബിനുവാണ് മരിച്ച അവറാച്ചന്റെ മൂത്ത മകളുടെ ഭർത്താവ്. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് നാലിന് വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ നാളെ രാവിലെ 10ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.
കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി കുടുംബാംഗമാണ് മരിച്ച റീന. മക്കൾ: ആനി (യുകെ), മരിയൻ (ആസ്റ്റർ മെഡിസിറ്റി, കൊച്ചി), അബിയ (സായ്, തലശേരി). അടിമാലി പള്ളത്തുകുടി ഓമനയാണ് അവറാച്ചന്റെ ഭാര്യ. മക്കൾ: നീതു, ആനന്ദ് (പഞ്ചാബ്), അശ്വതി (ന്യൂസിലാൻഡ്) മരുമക്കൾ: കെ.എം. ബിനു (കസ്റ്റംസ്, കൊച്ചി), ജ്യോതിസ്, ജോമോൻ.