ജിഎസ്ടി അഡീ. കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം; ദുരൂഹതയില്ലെന്ന് പോലീസ്,
മൂവരുടേതും തൂങ്ങിമരണം
Sunday, February 23, 2025 12:59 AM IST
കാക്കനാട്: സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് വകുപ്പിൽ അഡീഷണൽ കമ്മീഷണറായിരുന്ന മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണസംഘം.
മൂവരുടേതും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ശകുന്തള അഗർവാൾ മരിച്ചു നാല് മണിക്കൂറിനുശേഷമാണ് മനീഷും ശാലിനിയും മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ശകുന്തള സ്വയം തൂങ്ങിയതാണോ അതോ സഹോദരങ്ങൾ ചേർന്ന് അമ്മയെ കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെൻട്രൽ എക്സൈസിന്റെ ഉടമസ്ഥതയിലുള്ള ഈച്ചമുക്ക്- താണപാടം റോഡിലെ വില്ലയിൽ അഡീഷണൽ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്തെന്ന വിവരമറിഞ്ഞ് തൃക്കാക്കര പോലീസും ഫൊറൻസിക് വിദഗ്ധരുമെത്തുമ്പോൾ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ പുതപ്പിച്ച് പൂക്കൾ അർപ്പിച്ച നിലയിലാണു കണ്ടെത്തിയത്.
തൂങ്ങിമരിച്ച അമ്മയെ താഴെയിറക്കി കുരുക്കഴിച്ച് കട്ടിലിൽ കിടത്തി അന്ത്യകർമങ്ങൾ ചെയ്തശേഷം മനീഷും സഹോദരി ശാലിനിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പുറത്തുനിന്നുള്ളവരുടെ യാതൊരു പങ്കും മരണത്തിനു പിന്നിലില്ലെന്നും അന്വേഷണസംഘം കണക്കാക്കുന്നു. മുറികളും ജനലുകളും അകത്തുനിന്ന് ബന്ധിച്ച നിലയിലായിരുന്നു.
അബുദാബിയിൽനിന്ന് എത്തിയ ശകുന്തള അഗർവാളിന്റെ ഇളയ മകൾ പ്രിയ വിജയും ഭർത്താവ് നിഥിൻ ഗാന്ധിയും നൽകുന്ന വിവരമനുസരിച്ച് ജനുവരിയിലാണ് അവസാനമായി അമ്മയെയും സഹോദരങ്ങളെയും ഇവർ വിളിച്ചത്. അമ്മയുടെയും സഹോദരങ്ങളുടെയും അകാലവിയോഗത്തിൽ ഇവർ ഏറെ ആശങ്കയിലാണ്. മരണം നടന്ന വീട്ടിൽ ഇവരെ കൊണ്ടുപോയി അവിടെ അവശേഷിക്കുന്ന സാധനങ്ങൾ ഇവർക്കു കൈമാറും.
മരിച്ച ശാലിനി വിജയിന്റെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഹൈദരാബാദ് സ്വദേശിയായ ഭർത്താവുമായി അധികം വൈകാതെ പിരിയുകയായിരുന്നു. ശാലിനി വിജയ് സർക്കാർ സർവീസിൽനിന്നു രാജിവച്ചശേഷം അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്.
സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ ക്രമക്കേട് കണ്ടെത്തിയാൽ പിസി ആക്ട് (പബ്ലിക് കറപ്ഷൻ )അനുസരിച്ച് കേസെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യവേ ക്രമവിരുദ്ധമായി പുതിയ സ്കൂളിന് അനുമതി നൽകിയതിനാണ് ഇവർക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചത്.
കേസ് സംബന്ധമായ കാര്യത്തിന് ഫെബ്രുവരി 15ന് നേരിട്ടു ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ട ദിവസമാണ് ശാലിനിയും അമ്മയും സഹോദരനും തൂങ്ങിമരിച്ചത്.