ദൈവദാസൻ ബിഷപ് ജെറോം സ്മാരക ഗുഡ് സമരിറ്റൻ പുരസ്കാരം ഉമ്മൻ ചാണ്ടിക്ക്
Sunday, February 23, 2025 12:59 AM IST
കൊല്ലം: രൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാൻ ദൈവദാസൻ ബിഷപ് ജെറോം മരിയ ഫെർണാണ്ടസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ നാലാമത് ഗുഡ് സമരിറ്റൻ പുരസ്കാരം മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സമ്മാനിക്കും.
ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് 1937 മുതൽ 1978 വരെ 41 വർഷം കൊല്ലം രൂപത ബിഷപ് എന്ന നിലയിൽ അജപാലന ദൗത്യം നിർവഹിച്ചത് സഭയുടെയും രാജ്യത്തിന്റെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ടാണ്. വളരെ ദീർഘവീക്ഷണത്തോടെ ആധുനിക കാലഘട്ടത്തിലേയ്ക്ക് നയിച്ച മുഖ്യപുരോഹിതനും തികഞ്ഞ ജനാതിപത്യ വാദിയുമായിരുന്നു ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ്.
28ന് കൊല്ലം ബിഷപ് കത്തലാനി സെന്ററിൽ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും.