മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അപൂര്‍വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി
Sunday, February 23, 2025 12:59 AM IST
പാലാ: ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാര്ക്കു ഭാര്യമാര്‍ വൃക്കകള്‍ പരസ്പരം മാറി നല്കിയ അപൂര്‍വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വിജയകരമായി നടത്തി.
നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രന്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും റീനല്‍ ട്രാന്‍സ്പ്ളാന്റ് സര്‍ജനുമായ ഡോ. വിജയ് രാധാകൃഷ്ണന്, കാര്‍ഡിയോ തൊറാസിക്ആന്ഡ് വാസ്കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണന് സി എന്നിവരുടെ നേതൃത്വത്തിലാണ് കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ 49, 47 പ്രായമുള്ള സഹോദരന്മാര്ക്കാണ് വൃക്കകള്‍ മാറ്റിവച്ചത്. എ പോസിറ്റീവും, ബി പോസിറ്റീവും ഗ്രൂപ്പുകാരായിരുന്നു യഥാക്രമം ഇവര്‍. മൂത്തസഹോദരന്റെ ഭാര്യ ബി പോസിറ്റീവും ഇളയസഹോദരന്റെ ഭാര്യ ഒ പോസിറ്റീവും ഗ്രൂപ്പുകാരായിരുന്നു. മൂത്ത സഹോദരന് ഇളയ സഹോദരന്റെ ഭാര്യയുടെ വൃക്കയും ഇളയ സഹോദരന് മൂത്ത സഹോദരന്റെ ഭാര്യയുടെ വൃക്കയും അനുയോജ്യമാണെന്നു പരിശോധനയില്‍ കണ്ടെത്തി.
പരസ്പരം വൃക്കകള്‍ മാറി നല്കാന് ഭാര്യമാര്‍ തീരുമാനിച്ചതോടെയാണ് സഹോദരന്മാര് ഇരുവരും പുതുജീവീതത്തിലേക്ക് തിരിച്ചെത്തിയത്. ഇരുവരുടെയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഏറെ വെല്ലുവിളികളും സങ്കീര്‍ണതകളും നിറഞ്ഞ സാഹചര്യത്തിലായിരുന്നു. 10 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് വൃക്കകള്‍ മാറ്റി വയ്ക്കല്‍ പൂര്‍ത്തീകരിച്ചത്.
നെഫ്രോളജി വിഭാഗം കണ്‍സൾട്ടന്റുമാരായ ഡോ. തോമസ് മാത്യു, ഡോ. തരുണ്‍ ലോറന്‍സ്, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ആല്വിന് ജോസ് പി, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ലിബി ജെ. പാപ്പച്ചന്, കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് അനസ്തേഷ്യറ്റുമായ ഡോ. ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച നാല് പേരും വീടുകളിലേക്ക് മടങ്ങി.