അമ്മയെ മകൻ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി
Saturday, February 22, 2025 2:23 AM IST
തിരൂർ : തിരൂരിനടുത്ത് വൈലത്തൂർ കാവപ്പുരയിൽ അമ്മയെ മകൻ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കാവുപുര സ്വദേശി നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്.
മാനസികാസ്വാസ്ഥ്യമുള്ള മകൻ മുസമ്മിലിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് മുന്പ് ലഹരിക്കടിമപ്പെട്ട് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. ഇറച്ചിവ്യാപാരിയായ പിതാവ് അബുവിനൊപ്പം പുലർച്ചെ കടയിലേക്കു പോയതായിരുന്നു മുസമ്മിൽ.
ഇന്നലെ രാവിലെ ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തിയാണു കൊലപാതകം നടത്തിയത്. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ ആദ്യം കൊടുവാൾ ഉപയോഗിച്ച് വെട്ടി. നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിക്കുകയും ചെയ്തു.
സംഭവസ്ഥത്തുതന്നെ ആമിന മരിച്ചു. സംഭവം നടക്കുന്പോൾ ആമിനയും മകളുടെ രണ്ട് കുട്ടികളുമാണു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് ആമിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മുസമ്മിൽ അവിവാഹിതനാണ്.
പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വൈകുന്നേരം കാവപ്പുര ജുമുഅ മസ്ജിദിൽ കബറടക്കി.