ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ സർക്കാർ സംരക്ഷിക്കും: മന്ത്രി വീണാ ജോർജ്
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ നവജാത ശിശുവിനു വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്നു മന്ത്രി വീണാ ജോർജ്.
ഇതുസംബന്ധിച്ചു വകുപ്പു ഡയറക്ടർക്കു മന്ത്രി നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്കു കൈമാറും.
കുഞ്ഞിനെ മാതാപിതാക്കൾക്ക് വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.