റബർ വിലസ്ഥിരത: 1000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ്
Sunday, February 23, 2025 12:59 AM IST
കോട്ടയം: ഒരു കിലോ റബറിന് 250 രൂപ ഉറപ്പാക്കാൻ 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വലവൂരിലെ ഐഐഐടിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്ക് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി.
എന്നിവർ ഒപ്പ് വച്ച നിവേദനമാണ് സമർപ്പിച്ചത്. ഇറക്കുമതി തീരുവ വഴിയായി 2019 മുതൽ 2023 വരെയുള്ള കാലയളവിൽ 7575 കോടി രൂപ കേന്ദ്ര സർക്കാരിന് ലഭിച്ചു. ഇതിൽ നിന്നും 1000 കോടി രൂപ അനുവദിച്ചാൽ റബർ വിലസ്ഥിരത ഉറപ്പ് വരുത്താനും അതു വഴി കർഷകരെ ഈ മേഖലയിൽ നില നിർത്താനും സാധിക്കുമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആശാവർക്കർമാരുടെ ശമ്പളത്തിലെ കേന്ദ്ര വിഹിതം വർധിപ്പിക്കുക, ചക്കയുടെ സംസ്കരണത്തിനും മൂല്യവർധിത ഉത് പന്നങ്ങളാക്കി മാറ്റുന്നതിനുമായി ചക്ക ബോർഡ് രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങളും നേതാക്കൾ ആവശ്യപ്പെട്ടു.
മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എം.പി, മാണി സി.കാപ്പൻ എംഎൽഎ, ജോർജ് പുളിങ്കാട് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.