മയക്കുമരുന്നു കേസ്: ആദ്യ 10 ദിവസത്തെ അന്വേഷണം നിർണായകമെന്ന് ഡിജിപി
Sunday, February 23, 2025 12:59 AM IST
തിരുവനന്തപുരം: മയക്കുമരുന്നു കേസുകളിൽ ആദ്യ 10 ദിവസത്തെ അന്വേഷണം നിർണായകമെന്നു തിരിച്ചറിഞ്ഞുള്ള നടപടികളാകണം സ്വീകരിക്കേണ്ടതെന്നു ജില്ലാ പോലീസ് മേധാവിമാരോടു സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ്. മയക്കുമരുന്ന്, ലഹരിപദാർഥങ്ങൾ എന്നിവയുടെ ഉപയോഗത്തിനും വിപണനത്തിനും എതിരേ പഴുതടച്ച അന്വേഷണം വേണം.
സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങൾ ആകാതിരിക്കാൻ ജില്ലാതലങ്ങളിൽ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സുമായി സംയോജിച്ചു പ്രവർത്തിക്കണമെന്നും ഡിജിപി നിർദേശിച്ചു.
പോലീസ് ആസ്ഥാനത്തു കഴിഞ്ഞ വർഷത്തിലെ കുറ്റകൃത്യങ്ങളുടെ തുടർനടപടി സംബന്ധിച്ച അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ജാഗ്രത സൈബർ കേസ് അന്വേഷണത്തിലും വേണം. ശിക്ഷിക്കപ്പെടാത്ത കേസുകൾ ജില്ലാ പോലീസ് മേധാവിമാർ പ്രത്യേകം പരിശോധിക്കണം.
സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളെയും കുറ്റവാളികൾ സ്വീകരിക്കുന്ന രീതികളെയും പറ്റി പോലീസുകാരെ ബോധവാന്മാരാക്കണം. സാന്പത്തികതട്ടിപ്പു കേസുകൾ ഗൗരവത്തോടെ അന്വേഷിക്കണം.
നഗരപരിധിയിലെ മാവോവാദികളുടെ പ്രവർത്തനങ്ങൾക്കെതിരേ പ്രത്യേകിച്ച് മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത പുലർത്തണം.
മതസൗഹാർദ അന്തരീക്ഷം തകർക്കുന്ന ഏതൊരു കാര്യവും അടിച്ചമർത്തണമെന്നും ഡിജിപി നിർദേശിച്ചു.