കർഷകരക്ഷാ നസ്രാണിമുന്നേറ്റം രാഷ്ട്രീയ നേതൃത്വങ്ങൾക്കു താക്കീതെന്ന് മാർ തോമസ് തറയിൽ
Saturday, February 15, 2025 1:42 AM IST
ചങ്ങനാശേരി: വോട്ടുബാങ്കിന്റെ വലുപ്പം മാത്രം നോക്കി നീതിയും നിയമവും നടപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കു താക്കീതായി കർഷകരക്ഷാ നസ്രാണിമുന്നേറ്റം പടർന്നുപന്തലിക്കുമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
ക്രൈസ്തവ സമുദായവും കർഷകസമൂഹവും ഇത്രയധികം അവഗണന നേരിടുന്ന സാഹചര്യത്തിലാണ് ചങ്ങനാശേരി അതിരൂപത, സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് കർഷകരക്ഷാ നസ്രാണി മുന്നേറ്റം എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും നേരിടുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു.
സംവരണത്തിനായുള്ള ദളിത് ക്രൈസ്തവരുടെ നിലവിളിക്ക് മറുപടിയില്ല. റബറിനു താങ്ങുവില പോയിട്ട് ചെറിയൊരാശ്വാസംപോലുമില്ല. മൃഗങ്ങൾ യഥേഷ്ടം കാടിറങ്ങി മനുഷ്യരെ കൊന്നൊടുക്കുന്പോഴും കേന്ദ്ര വനം-വന്യജീവി നിയമത്തിൽ മാറ്റമില്ല.
കേരളത്തിലാകട്ടെ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഗുരുതമായ വിവേചനമാണ്. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ ഏതാണ്ട് സ്തംഭിച്ചു.
ഇഎസ്എ, ബഫർസോൺ, പട്ടയപ്രശ്നങ്ങൾ... ദുരിതങ്ങൾക്ക് അളവില്ല. ജനങ്ങളുടെ സംയമനം മറയാക്കി, പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ലെന്ന് ആർച്ച്ബിഷപ് ഓർമിപ്പിച്ചു.