സംസ്ഥാനം പലതവണ ആവശ്യപ്പെട്ടു; ഒടുവിൽ കാപ്പക്സ് ആയി
Saturday, February 15, 2025 1:42 AM IST
തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിനായി ആദ്യം ഗ്രാന്റായി പണം ചോദിച്ചെങ്കിലും ലഭിച്ചില്ല. വൈകിയാണെങ്കിലും 2200 കോടി രൂപയുടെ നഷ്ടവും പുനർനിർമാണ പ്രവർത്തനങ്ങളും കണക്കാക്കി തുക ചോദിച്ചെങ്കിലും ലഭിച്ചില്ല.
അവസാനമായാണ് കാപ്പക്സ് വായ്പയായി തുക നൽകാൻ കഴിയുമോ എന്ന് ആരാഞ്ഞത്. ഇതിനുള്ള മറുപടിയായാണ് വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചത്. പുനർനിർമാണത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ വകുപ്പു കേന്ദ്രത്തിനു സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഉൾപ്പെട്ട തുകയുൾപ്പെടെയുള്ളവയ്ക്കാണ് വായ്പ അനുവദിക്കുക.
കാപ്പക്സ് വായ്പയ്ക്കായി മാർച്ച് 31നകം വിനിയോഗ സർട്ടിഫിക്കറ്റ് കേന്ദ്രത്തിനു സമർപ്പിക്കാനായി പൊതുമരാമത്ത്, വൈദ്യുതി, ജല വിതരണ വകുപ്പുകളുടെ അക്കൗണ്ടുകളിൽ തുക വകയിരുത്തും. തുടർന്ന് വിനിയോഗ സർട്ടിഫിക്കറ്റ് കേന്ദ്രത്തിനു സമർപ്പിക്കും.
വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയാൽ വായ്പത്തുക സംസ്ഥാനത്തിനു ലഭിക്കും. തുടർന്ന് നിർമാണപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നാണു കണക്കാക്കുന്നത്.