പട്ടാപ്പകൽ ബാങ്ക് കൊള്ള; 15 ലക്ഷം കവർന്നു
Saturday, February 15, 2025 1:42 AM IST
ചാലക്കുടി: ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പട്ടാപ്പകൽ ബാങ്കിൽനിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ചു. ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15നാണു സംഭവം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ജനത്തിരക്കേറിയ പോട്ട ജംഗ്ഷനിലാണു പട്ടാപ്പകൽ കവർച്ച നടന്നത്.
ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് ഞെട്ടിക്കുന്ന സംഭവം. ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിൽ കയറി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിക്കുള്ളിൽ അടച്ചിട്ടു.
തുടർന്നു കാഷ് കൗണ്ടറിന്റെ ലോക്ക് കസേരകൊണ്ട് അടിച്ചുതുറന്ന്, ഗ്ലാസ് തല്ലിത്തകർത്ത് അകത്തുകടന്ന് 15 ലക്ഷം രൂപ ബാഗിൽ നിറച്ച് കടന്നുകളയുകയായിരുന്നു. കാഷ്കൗണ്ടറിൽ 47 ലക്ഷം രൂപയുണ്ടായിരുന്നു. ബാങ്കിലെത്തിയ അക്രമി വെറും രണ്ടര മിനിറ്റുകൊണ്ടാണ് കവർച്ച നടത്തി മടങ്ങിയത്.
മോഷ്ടാവ് സ്കൂട്ടറിൽ എത്തുന്നതിന്റെയും ബാങ്ക് കൊള്ളയടിക്കുന്നതിന്റെയും തിരിച്ചുപോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ, ചാലക്കുടി എസ്എച്ച്ഒ കെ.കെ. സജീവൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
അക്രമി സംസാരിച്ചതു ഹിന്ദിയിലാണെന്നും ബാങ്കിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണു കവർച്ച നടത്തിയതെന്നും എസ്പി പറഞ്ഞു. അധികം പണമുണ്ടായിട്ടും മുഴുവൻ എടുക്കാതിരുന്നതും സംശയാസ്പദമാണ്.
കറിക്കത്തി പോലുള്ള ഒരു ആയുധമാണ് അക്രമിയുടെ കൈയിലുണ്ടായിരുന്നത്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്കാണ് കവർച്ചയ്ക്കുശേഷം പോയതെന്നു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ആലുവ, അങ്കമാലി മേഖലകളിലും പോലീസ് മോഷ്ടാവിനായി തെരച്ചിൽ നടത്തി.
അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.