"മിഡ്നൈറ്റ് ഓപ്പറേഷനി'ല്‍ കുടുങ്ങി പോലീസുകാര്‍
Saturday, February 15, 2025 1:42 AM IST
കൊച്ചി: വിജിലന്‍സിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി പോലീസുകാര്‍. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് പരിധിയിലുള്ള എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഹൈവേ പട്രോളിംഗ്, കണ്ട്രോള് റൂം വാഹനങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ "മിഡ്നൈറ്റ് ഓപ്പറേഷന്’ എന്നപേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പോലീസുകാര്‍ കുടുങ്ങിയത്.
സെന്‍ട്രല്‍ റേഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ 13 ഹൈവേ പട്രോളിംഗ് വാഹനങ്ങളും 12 കണ്ട്രോള് റൂം വാഹനങ്ങളുമാണ് പരിശോധിച്ചത്.
പരിശോധനയില്‍ മണ്ണാര്‍ക്കാട് ഹൈവേ പട്രോളിംഗ് വാഹനത്തില്‍നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂര്‍ കണ്ട്രോള് റൂം വാഹനത്തില്‍നിന്ന് 2,000 രൂപയും കണ്ടെടുത്തു. വിജിലന്‍സ് സംഘത്തെ കണ്ട് പണം സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
മൂവാറ്റുപുഴ, കൂത്താട്ടുകുളം, കാലടി മേഖലകളിലെ ഹൈവേ പട്രോളിംഗ് വാഹനത്തില്‍ വിവേക് എന്ന പോലീസ് ഉദ്യോഗസ്ഥന് മദ്യപിച്ച നിലയിലായിരുന്നു.
ഹൈവേ പട്രോളിംഗ് വാഹനം ഹൈവേ കേന്ദ്രീകരിച്ചു പട്രോളിംഗ് നടത്താതെ ഹൈവേയില്‍നിന്നു മാറിക്കിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയില്‍ മൂന്ന് എസ്ഐമാരും ഒരു എഎസ്ഐയും രണ്ട് ഗ്രേഡ് സിപിഒമാരും ഡ്രൈവര്‍ ഡ്യൂട്ടിയിലുള്ള മൂന്നു പോലീസുകാരും പിടിയിലായി. ഈ ഉദ്യോഗസ്ഥര്ക്കെതിരേ പ്രാഥമികാന്വേഷണം നടത്തിയശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്പി എസ്. ശശിധരന് പറഞ്ഞു.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നായി അഞ്ച് ഡിവൈഎസ്പി മാരും 12 ഇന്‍സ്പെക്ടര്‍മാരും അറുപതോളം വിജിലന്‍സ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.