എൻസിപി സംസ്ഥാന അധ്യക്ഷൻ ; തോമസ് കെ. തോമസിൽ പിടിമുറുക്കി ശശീന്ദ്രൻ വിഭാഗം
Saturday, February 15, 2025 1:42 AM IST
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്റെ പേര് ഉറപ്പിച്ച് എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം.
തോമസ് കെ. തോമസിനെ സംസ്ഥാന പ്രസിഡന്റ് ആക്കണമെന്നഭ്യർഥിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇ മെയിൽ സന്ദേശം അയച്ചു. രണ്ടു ദിവസത്തിനകം ദേശീയ അധ്യക്ഷൻ ശരദ് പവാർ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കും.
എൻസിപി അധ്യക്ഷ സ്ഥാനം പി.സി. ചാക്കോ രാജിവച്ചിരുന്നു. പകരം, അദ്ദേഹത്തോടൊപ്പം കോണ്ഗ്രസിൽ നിന്ന് എൻസിപിയിലെത്തിയ പി.എം. സുരേഷ് ബാബു, നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ എന്നിവരുടെ പേരുകൾ പി.സി. ചാക്കോ ശരദ്പവാറിനു മുന്നിൽ വച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുംകൂടി താത്പര്യമുള്ളയാളാകും അധ്യക്ഷ പദവിയിൽ എത്തുകയെന്നാണു സൂചന.
പിണറായി വിജയന്റെ നെഞ്ചിൽ നോക്കി സംസാരിക്കാൻ കഴിവുണ്ടെന്നു പി.സി. ചാക്കോ പാർട്ടി യോഗത്തിൽ പ്രഖ്യാപിച്ച വീഡിയോ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ അതൃപ്തിയെത്തുടർന്ന് പി.സി. ചാക്കോയ്ക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നത്.
ചാക്കോ പ്രസിഡന്റായ എൻസിപിയെ ഇടതു മുന്നണിയിൽനിന്ന് ഒഴിവാക്കുന്നതടക്കം സിപിഎം ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന അഭിപ്രായം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെകൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ അഭിപ്രായം പറഞ്ഞത്. ഇതോടെ കുട്ടനാട് സീറ്റ് നഷ്ടമാകുമെന്നു ഭയന്ന തോമസ് കെ. തോമസ്, പി.സി. ചാക്കോ വിഭാഗത്തെ ഉപേക്ഷിച്ച്, ശശീന്ദ്രനൊപ്പം ചേരുകയായിരുന്നു.
പാർട്ടിയിലെ ഒൻപത് ജില്ലാ കമ്മിറ്റികളും ചാക്കോ വിഭാഗത്തിന് എതിരായതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോയുടെ നോമിനിയെ ഉൾപ്പെടുത്തുന്നത് ദേശീയ നേതൃത്വത്തിനും വെല്ലുവിളിയാകും.