കോട്ടയം ഗവ. നഴ്സിംഗ് കോളജ് റാഗിംഗ്; ക്രൂര പീഡനം; കൂടുതല്‍ വിവരങ്ങൾ പുറത്ത്
Saturday, February 15, 2025 1:42 AM IST
ഗാന്ധിനഗര്‍: കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സീനിയേഴ്സ് അതിപൈശാചികമായി ഉപദ്രവിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ മുറിയില്‍ മുട്ടു കുത്തിച്ചു നിര്‍ത്തുകയും കവിളത്ത് അടിക്കുകയും ചെയ്തു.
സീനിയേഴ്സിനെ കാണുമ്പോള്‍ ബഹുമാന സൂചകമായി തലതാഴ്ത്തി നടക്കണമെന്നും ആജ്ഞാപിച്ചിരുന്നു. പരാതിക്കാരനായ വിദ്യാര്‍ഥിയെ മൃഗീയമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷത്തിനു ചെലവു ചെയ്യാതിരുന്നതിനാലണെന്ന് വിവരമുണ്ട്.
മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥിയുടെ കൈയില്‍ പണമില്ലാതിരുന്നതിനാല്‍ പണം കൊടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് വയറിലും ശരീരമാസകലവും കുത്തി പരിക്കേല്‍പ്പിച്ച് സീനിയേഴ്സ് പൊട്ടിച്ചിരിച്ച് ആഹ്ളാദിച്ചത്.
ദൃശ്യങ്ങള്‍ മെബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കും. ഇതിനായി കോളജിലും ഹോസ്റ്റലിലും അന്വേഷണസംഘം വിശദമായ പരിശോധന നടത്തും. കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണു പോലീസ് നിഗമനം.
കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരുത്തുന്നതിനു പ്രതികളുടെ മെബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയ പരിശോധന നടത്തും. റാഗിംഗിന് വിധേയരായ എല്ലാ വിദ്യാര്‍ഥികളുടെയും വിശദമായ മൊഴി പോലീസ് രേഖപ്പെടത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു, എബി വിപി, എസ്എഫ്ഐ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി.