ഗവ. നഴ്സിംഗ് കോളജുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം താളം തെറ്റി
Saturday, February 15, 2025 1:40 AM IST
സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് കോളജുകളിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐഎൻസി) മാനദണ്ഡപ്രകാരമുള്ള അധ്യാപകരില്ല. 1:10 എന്ന അധ്യാപക-വിദ്യാർഥി അനുപാതം സംസ്ഥാനത്തെ ഒരു ജില്ലയിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
4126 വിദ്യാർഥികളാണ് സംസ്ഥാനത്ത് ഗവ. നഴ്സിംഗ് കോളജുകളിൽ മാത്രം പഠിക്കുന്നത്. ഐഎൻസി നിർദേശിക്കുന്ന അനുപാതപ്രകാരം സംസ്ഥാനത്ത് 14 ജില്ലകളിലായി സർക്കാർ നഴ്സിംഗ് കോളജുകളിൽ 182 അധ്യാപകരുടെ കുറവുണ്ട്. 416 അധ്യാപകർ ആവശ്യമുള്ളപ്പോൾ നിലവിലുള്ളത് 234 പേർ മാത്രം.
തിരുവനന്തപുരം ജില്ലയിലാണ് നഴ്സിംഗ് അധ്യാപകരുടെ തസ്തിക കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. 52 അധ്യാപകരുടെ ഒഴിവുകളിൽ ഇവിടെ നിയമനം നടന്നിട്ടില്ല. തൃശൂർ ജില്ലയിൽ 15 അധ്യാപകരുടെ കുറവുണ്ട്. 44 അധ്യാപകർ വേണ്ട എറണാകുളം ജില്ലയിൽ നിലവിലുള്ളത് 31 പേർ; 13 അധ്യാപകർ കുറവ്. കൊല്ലം, മലപ്പുറം ജില്ലകളിൽ 11 ഉം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ പത്തും വീതം അധ്യാപകർ ആവശ്യമുണ്ട്.
പല കോളജുകളിലും സ്ഥിരം അധ്യാപകരേക്കാളധികം താത്കാലികാടിസ്ഥാനത്തിൽ നിയമിതരായവരാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പുതിയ ഗവ. നഴ്സിംഗ് കോളജുകളും നിലവിലുള്ളവയിൽ അധിക സീറ്റുകളും അനുവദിച്ചിരുന്നു. എന്നാൽ അതനുസരിച്ച് അധ്യാപക തസ്തികകൾ പുനർനിർണയിക്കാനോ നിയമനം നടത്താനോ സർക്കാർ തയാറാകാത്തതാണ് പ്രതിസന്ധിയാകുന്നത്.
ഇടുക്കി, പത്തനംതിട്ട ഗവ. നഴ്സിംഗ് കോളജുകളിൽ ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തേ സമരങ്ങൾ നടന്നെങ്കിലും പരിഹാരമായിട്ടില്ല.
അധ്യാപക - വിദ്യാർഥി അനുപാതം കൃത്യമായാൽ കോട്ടയം ഗവ. നഴ്സിംഗ് കോളജിൽ നടന്നതുപോലുള്ള റാഗിംഗിനെയും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ അമൽ വർഗീസ് ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന സർക്കാരിനു കീഴിൽത്തന്നെയുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സിമെറ്റ്) 11 കോളജുകളിലും മിക്ക സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളജുകളിലും അധ്യാപക - വിദ്യാർഥി അനുപാതം ഐഎൻസി മാനദണ്ഡമനുസരിച്ചുണ്ടെന്നാണു കണക്ക്.