ആന്റി റാഗിംഗ് സ്ക്വാഡുകളുടെ സുതാര്യത സർക്കാർ പരിശോധിക്കണമെന്ന്
Saturday, February 15, 2025 1:40 AM IST
കൊച്ചി: ഗവ. നഴ്സിംഗ് കോളജുകളിൽ ആന്റി റാഗിംഗ് സ്ക്വാഡ് സുതാര്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് സർക്കാർ പരിശോധിക്കണമെന്ന് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയം ഗവ. നഴ്സിംഗ് കോളജിലെ റാഗിംഗിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകണം. കോളജ് ഹോസ്റ്റലുകളിൽ 24 മണിക്കൂർ സെക്യൂരിറ്റി, ഹൗസ് കീപ്പർ സേവനം ഉറപ്പാക്കണം.
കോട്ടയത്തെ കോളജിൽ കൃത്യമായ ഹൗസ് കീപ്പർ, സെക്യൂരിറ്റി സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് നഴ്സിംഗ് കൗൺസിൽ, ആരോഗ്യ സർവകലാശാല എന്നിവയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതു ഖേദകരമാണ്.
കോട്ടയം ഗവ. നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ വിദ്യാർഥികൾക്ക് അസോസിയേഷൻ പൂർണ പിന്തുണ നൽകും.
കേരളത്തിലെ ഏതെങ്കിലും നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗോ മറ്റു ബുദ്ധിമുട്ടുകളോ വിദ്യാർഥികൾ നേരിടുന്നുണ്ടെങ്കിൽ അസോസിയേഷൻ ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു.