സമര്‍പ്പിതര്‍ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തില് ജീവിക്കണം: മാര്‍ റാഫേല്‍ തട്ടില്‍
Saturday, February 15, 2025 1:40 AM IST
കൊച്ചി: സമര്‍പ്പിതര്‍ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തില് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു സീറോമലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ സഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികള്‍ക്കായി സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമര്‍പ്പിത സമൂഹങ്ങള്‍ ചെയ്യുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും മിഷന് പ്രദേശങ്ങളില്‍ തങ്ങളുടെ പ്രത്യേക സിദ്ധിയും ദര്ശനവുമനുസരിച്ച് ധീരതയോടെ ശുശ്രൂഷ ചെയ്യുകയും വേണം. സ്ഥാപനവത്കരണത്തേക്കാള് ദൈവോന്മുഖമായ ജീവിതത്തെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും നിലവിലുള്ള സ്ഥാപനങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
സമര്‍പ്പിത സമൂഹങ്ങളുടെ മദര്‍ ജനറല്‍മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സും മിഷന് പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നവരുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു.
സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന് ചെയര്മാന് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ കമ്മീഷന് അംഗങ്ങളായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവർ പ്രസംഗിച്ചു. കമ്മീഷന് സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ മെര്ലിന് ജോര്‍ജ് എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.