ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
Saturday, February 15, 2025 1:40 AM IST
കൊച്ചി: സിനിമാമേഖലയിലെ സംയുക്ത സമരത്തെക്കുറിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ അറിയിച്ചതിനെതിരേ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പരസ്യനിലപാട് സ്വീകരിച്ചത് അനുചിതമായിപ്പോയെന്ന് അസോസിയേഷന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അസോസിയേഷന് യോഗത്തിലേക്കു ക്ഷണിച്ചിട്ടും പങ്കെടുക്കാതെയാണ് അതിലെ തീരുമാനത്തിനെതിരേ ആന്റണി പരസ്യപ്രസ്താവന നടത്തിയത്.
സിനിമാമേഖലയിലെ സംഘടനകളായ ഫിയോക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫെഫ്ക എന്നിവയുടെ സംയുക്ത യോഗത്തിലാണ് ജൂണ്‍ ഒന്നു മുതല്‍ സംയുക്തമായി അനിശ്ചിതകാല സമരം നടത്താന്‍ നിശ്ചയിച്ചത്. അതിനുമുന്നോടിയായി ഏകദിന സമരം നടത്താനും തീരുമാനിച്ചിരുന്നു.
വര്‍ധിക്കുന്ന സിനിമാനിര്‍മാണച്ചെലവ് മൂലം ഭീമമായ നഷ്ടം സംഭവിക്കുന്ന നിര്‍മാതാക്കള്‍ക്കായി നിലകൊള്ളുന്ന അസോസിയേഷനെതിരായ ഏതു നീക്കവും പ്രതിരോധിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ് പത്രക്കുറിപ്പില്‍ പറഞ്ഞു.