മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ
Saturday, February 15, 2025 1:40 AM IST
കൊല്ലം: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചിട്ട് ഇന്നു ആറ് വർഷം തികയുന്നു. 2019 ഫെബ്രുവരി 15 - നാണ് ഇന്ത്യയിൽ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയത്. ഡൽഹി - വാരാണസി റൂട്ടിലായിരുന്നു കന്നി ഓട്ടം. ഇപ്പോൾ രാജ്യത്താകമാനം 78 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
ഇതിൽ രണ്ടെണ്ണം കേരളത്തിനുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിനും മംഗളൂരുവിനും പോകുന്നതാണ് ഈ വണ്ടികൾ. 200 ശതമാനം ഒക്കുപ്പൻസിയുമായാണ് രണ്ട് വണ്ടികളും സർവീസ് നടത്തുന്നത്.
രാജ്യത്ത് തന്നെ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളാണ്. 2023 ഏപ്രിൽ 26 നാണ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരം - കാസർഗോഡ് റൂട്ടിൽ വന്ദേഭാരത് ട്രെയിൻ ആരംഭിച്ചത്.
ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ 21 സംസ്ഥാനങ്ങളെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധപ്പെടുത്തുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേ ഭാരത് ടെയിനുകൾ കൂടി പുറത്തിറക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.
ഇത് കൂടാതെ 2047 ആകുമ്പോൾ രാജ്യത്ത് 4500 പുതിയ വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. പകൽ വണ്ടികളായി സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്ത് വൻ ഹിറ്റായി മാറിക്കഴിഞ്ഞു എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
വന്ദേ ശ്രേണിയിൽ ഇനി വരാൻ പോകുന്നത് രാത്രി വണ്ടികളാണ്. വന്ദേ സ്ലീപ്പർ എന്നാണ് രാത്രി വണ്ടികൾ അറിയപ്പെടുക. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങും. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു.
ഇനി ലഭിക്കാനുള്ളത് റെയിൽവെ സുരക്ഷാ കമ്മീഷണറുടെ അന്തിമ റിപ്പോർട്ടാണ്. അതു കഴിഞ്ഞാൽ പ്രഥമ സർവീസിന്റെ റൂട്ട് നിശ്ചയിക്കും.